മുഹമ്മദ് നിസാര്‍ വിവാഹം ചെയ്തത് ഇതരമതക്കാരിയെ; പിന്നീട് പ്രണയിച്ചത് കൊയിലാണ്ടിക്കാരിയായ റിന്‍സിയെ; റിന്‍സി കോടതിയില്‍ പറഞ്ഞത് കാമുകനെ മതിയെന്ന്; ലോഡ്ജില്‍ തൂങ്ങിമരിച്ച കമിതാക്കളുടെ കഥ ഇങ്ങനെ


കോഴിക്കോട്: കഴിഞ്ഞ ദിവസം ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ ഇരുവരും വിവാഹിതര്‍. മലപ്പുറം പുളിക്കല്‍ പരുത്തിക്കോട് പിണങ്ങോട്ട് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (29), കുറുവങ്ങാട് സ്വദേശിനിയും കൊയിലാണ്ടിയിലേക്ക് വിവാഹം ചെയ്ത് എത്തുകയും ചെയ്ത റിന്‍സി (29) എന്നിവരെയാണ് പുതിയങ്ങാടിയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതര മത വിശ്വാസിയെ പ്രണയിച്ച് വിവാഹം കഴിച്ച മുഹമ്മദ് നിസാര്‍ കഴിഞ്ഞ നാലു വര്‍ഷമായി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ റിന്‍സിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിയാസിനെതിരെ പാലക്കാട് കഞ്ചാവ് കേസും നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 24-നാണ് കുറുവങ്ങാട്ടെ ഇന്‍ഡസ്ട്രീയല്‍ വര്‍ക്കറായ പ്രസാദിന്റെ ഭാര്യ റിന്‍സിയെയും നാല് വയസ്സുള്ള കുട്ടിയെയും കാണാതായത്. പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ 10-ന് റിന്‍സിയെയും മുഹമ്മദ് നിസാറിനെയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് കൊയിലാണ്ടി പൊലീസ് ചാര്‍ജ് ചെയ്ത മിസ്സിങ്ങ് കേസിലെ റിന്‍സിയാണിതെന്ന് വ്യക്തമാകുന്നത്.

തുടര്‍ന്ന് കൊയിലാണ്ടി എസ്ഐ കെടി രഘുവും വനിതാ പൊലീസ് അനഘയും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് 11 ന് കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നും കാമുകന്‍ മുഹമ്മദ് നിസാറിനൊപ്പം പോകാനും ജീവിക്കാനും തീരുമാനിക്കുകയായിരുന്നു റിന്‍സി. ചൈല്‍ഡ് ലൈനിലാക്കിയ കുട്ടിയെ ഭര്‍ത്താവ് പ്രസാദ് വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു.

ഇന്നലെ വൈകിട്ടാണ് പുതിയങ്ങാടിക്കു സമീപം കോയ റോഡിലെ ലിറ്റില്‍ സ്‌പേസിലെ വാടക മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ചയാണ് ഇവര്‍ മുറിയെടുത്തത്. ബുധനാഴ്ച വൈകീട്ടോടെ മുറിയൊഴിയുമെന്ന് അറിയിച്ചിട്ടും മുറി തുറക്കാതിരുന്നതിനാല്‍ ജീവനക്കാര്‍ രാത്രിയോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.