മുഷ്താഖ് അലി ട്രോഫി, കേരളത്തിന് മൂന്നാം ജയം; മികച്ച തുടക്കം നൽകി വീണ്ടും കൊയിലാണ്ടിയുടെ രോഹൻ കുന്നുമ്മൽ


ഡൽഹി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വൻ്റി- 20 ക്രിക്കറ്റിൽ കേരളത്തിന് മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ മധ്യപ്രദേശിനെതിരെ എട്ട് വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. ഇതോടെ കേരളം ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ കടന്നു.

മധ്യപ്രദേശ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 12 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി നില്ക്കേയാണ് കേരളം മറികടന്നത്. കേരളത്തിനായി ക്യാപ്റ്റൻ സഞ്ജു സാംസൺ 33 പന്തിൽ പുറത്താകാതെ 56 റൺസും, സച്ചിൻ ബേബി 27 പന്തിൽ പുറത്താകാതെ 51 റൺസും നേടിയാണ് വിജയത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ മത്സരത്തിലെ ഹീറോ കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ 27 പന്തിൽ 29 റൺസ് നേടി. മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം ഓപ്പണറായി ഇറങ്ങിയ രോഹൻ മികച്ച തുടക്കമാണ് നൽകിയത്. മധ്യപ്രദേശിന്റെ മിഹിർ ഹിർവാനി എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം ബോളിൽ പ്രഹരിക്കാനായി ക്രീസ് വിട്ട രോഹനെ വിക്കറ്റ് കീപ്പർ രാകേഷ് താക്കൂർ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

രോഹൻ കുന്നുമ്മലിന്റെയും 21 റൺസ് എടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്റെയും വിക്കറ്റുകൾ മാത്രമാണ് കേരളത്തിന് നഷ്ടമായത്. കഴിഞ്ഞ മത്സരത്തിൽ ആസാമിനെതിരെ രോഹൻ അർധ സെഞ്ചുറി നേടി മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.