മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കും; ചക്കിട്ടപാറയില്‍ പദ്ധതി തയ്യാറാകുന്നു
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കാന്‍ പദ്ധതി തയ്യാറാകുന്നു. പഞ്ചായത്തും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചക്കിട്ടപ്പാറയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
ആദ്യ ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. അടുത്ത ഘട്ടങ്ങളിലായി വിദ്യാഭ്യാസ മേഖലയിലും കായിക മേഖലയിലും ടൂറിസം രംഗത്തുമെല്ലാം സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാകും.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ബാങ്ക് പ്രസിഡന്റ് പി പി രഘുനാഥ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഡീന്‍ ടോമി കുരിശിങ്കല്‍, ഡയറക്ടര്‍ ബിജു ടോം, ജോസി പീറ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.