മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ മത്സരിക്കാന്‍ സാധ്യത; ജയസാധ്യത നോക്കി കോണ്‍ഗ്രസ്
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരെഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ സാധ്യത. സ്വന്തം തട്ടകത്തില്‍ മുല്ലപ്പള്ളിക്ക് വിജയസാധ്യത ശക്തമാണെന്ന് നേതൃത്വം കരുതുന്നുണ്ട്. മുല്ലപ്പള്ളിക്ക് ഇവിടെ മത്സരിക്കാന്‍ താല്‍പര്യമുണ്ട്. നേരത്തെ കൊയിലാണ്ടിയിലേക്കും അദ്ദേഹത്തെ പരിഗണിച്ചിരുന്നു.
വയനാട് കല്‍പറ്റ മണ്ഡലത്തിലും അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും മുസ്ലീം ലീഗ് ജില്ലാ നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് അവര്‍ തിരുത്തിയിരുന്നു. അതേസമയം കല്‍പ്പറ്റയില്‍ നിന്ന് കോണ്‍ഗ്രസ് ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. അത് താനാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ട സമയത്തെല്ലാം മത്സരിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതോടെ അദ്ദേഹം മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിക്ക് മത്സരിക്കാന്‍ നേരത്തെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പുകളാണ് അദ്ദേഹത്തെ മണ്ഡലം മാറാന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം വടകരയില്‍ മത്സരിച്ചാല്‍ കെ മുരളീധരനുമായി ചേര്‍ന്ന് പോകേണ്ടി വരും. അദ്ദേഹവുമായി അത്ര നല്ല ബന്ധവുമല്ല മുല്ലപ്പള്ളിക്കുള്ളത്. പക്ഷേ സ്വന്തം തട്ടകമായ വടകരയില്‍ മത്സരിക്കാനുള്ള താല്‍പര്യം അദ്ദേഹം കാണിച്ചിട്ടുണ്ട്.
രണ്ട് തവണ ഇടതു മുന്നണിയെ പിന്തള്ളി വടകരയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയിലേക്ക് ജയിച്ചു കയറിയതാണ്. ഇതു തന്നെയാണ് വടകരയില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്ന പ്രധാന ഘടകം. വടകര സ്വദേശി കൂടിയായ മുല്ലപ്പള്ളിക്ക് മണ്ഡലത്തില്‍ ഉള്ള വ്യക്തിബന്ധങ്ങളും പരിചയവും അനുകൂല ഘടകങ്ങളാണ്. ഇവയെല്ലാം വോട്ടായി മാറുമെന്നും, വിജയസാധ്യത ശക്തമാണെന്നും നേതൃത്വം കരുതുന്നുണ്ട്. ഹൈക്കമാന്‍ഡും അദ്ദേഹത്തോട് വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടേക്കും.
ആര്‍എംപിയെ വടകരയില്‍ യുഡിഎഫ് പിന്തുണക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആര്‍എംപിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് തന്നെ വടകരയില്‍ അങ്കത്തിനിറങ്ങുമെന്ന സൂചന ശക്തമാണ്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക