മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ എങ്ങനെ സമര്‍പ്പിക്കാം- നോക്കാം വിശദമായി


തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 2021-22 വര്‍ഷത്തെ വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്ററി, ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ/ സി.എം.എ/ സി.എസ്, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷകര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. നാലുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം അപേക്ഷകര്‍.

ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രതിവര്‍ഷം 10500 പേര്‍ക്ക് 4000 രൂപയും ബിരുദതലത്തില്‍ പ്രഫഷണല്‍ വിഭാഗത്തില്‍ 3500 പേര്‍ക്ക് 8000 രൂപയും നോണ്‍ പ്രഫഷണല്‍ വിഭാഗത്തില്‍ 10000 പേര്‍ക്ക് 6000 രൂപയും ലഭിക്കും. ഗവേഷണ വിഭാഗത്തില്‍ 20 പേര്‍ക്ക് 25,000 രൂപയും ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് 78 പേര്‍ക്ക് പരമാവധി 50,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്.

അപേക്ഷകള്‍ ഓണ്‍ലൈനായി അയക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 30 ആണ്. യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും WWW.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.