‘മുത്തലാഖ് കിട്ടുന്നതുവരെ അവള് പിടിച്ചുനിന്നു; 2500 രൂപയാണ് അവന് അവള്‍ക്ക് വിലയിട്ടത്’; സുഹൈലിനെതിരെ ഗുരുതര ആരോപണവുമായി മോഫിയയുടെ ഉമ്മ
ആലുവ: നിയമവിദ്യാര്‍ഥിനിയായ എടയപ്പുറം കക്കാട്ടില്‍ മോഫിയ പര്വീന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ ഉമ്മ. ഭര്‍ത്താവിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മകള്‍ ഒരുപാട് പരാതികള്‍ പറഞ്ഞിരുന്നു. മുത്തലാഖ് കിട്ടുന്നതുവരെ അവള് പിടിച്ചുനിന്നു. മുത്തലാഖ് കിട്ടിയതോടെ ആകെ തളര്‍ന്നു. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. 2500 രൂപ വിലയിട്ടാണ് അവന് അവള്‍ക്ക് കത്തയച്ചതെന്നുംഅവര് പറഞ്ഞു.
സുഹൈലിനായി അയാളുടെ ഉമ്മ വെളുത്തപെണ്ണിനെ അന്വേഷിച്ച് തുടങ്ങിയെന്നാണ് മകള്‍ പറഞ്ഞതെന്നും അവര്‍ പറയുന്നു. ‘നീതി കിട്ടിലല്ലേ പപ്പാ, നമുക്ക് നീതി കിട്ടില്ല അല്ലേ… ഞാന്‍ കാരണം പപ്പായ്ക്ക് മോശമായി അല്ലേ’ എന്നാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും വന്നപ്പോള്‍ അവള് പറഞ്ഞത്. പൊലീസിലും നിയമത്തിലും മകള്‍ക്ക് ഏറെ വിശ്വാസമായിരുന്നു. അത് നഷ്ടമായതോടെ അവള് ഇത്രയും തകരുമെന്ന് വിചാരിച്ചില്ലെന്നും അവര്‍ പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും ഭര്‍തൃമാതാവ് റുഖിയയും പിതാവ് യൂസഫും റിമാന്‍ഡിലാണ്. ഐ.പി.സി 304 (ബി), 498 (എ), 306, 34 എന്നീ വകുപ്പുകള്‍ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
തിങ്കളാഴ്ച വൈകുന്നേരമാണ് മോഫിയയെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.