മുടപ്പിലാവില്‍ ചിറയില്‍ മുങ്ങിമരിച്ച മണിയൂര്‍ സ്വദേശി ജിജിന് കൊവിഡ്; രക്ഷാപ്രവര്‍ത്തകര്‍ ആശങ്കയില്‍


പയ്യോളി: മുടപ്പിലാവില്‍ ചിറയില്‍ മുങ്ങിമരിച്ച മണിയൂര്‍ സ്വദേശി ജിജിന് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തകരും മറ്റും ആശങ്കയിലായി. മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവില്‍ കടത്തനാട് കോളേജിനു സമീപം ഓണിയം പറമ്പത്ത് ജിജിന്‍ (കിച്ചു – 28) ആണ് ചിറയില്‍ മുങ്ങി മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ കുളിക്കാനെത്തിയപ്പോഴാണ് അപകടം നടന്നത്.

ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. രക്ഷാ പ്രവര്‍ത്തകര്‍ക്കും അഗ്നിരക്ഷാസേനാംഗങ്ങള്‍ക്കും പുറമെ നിരവധി പേരാണ് ആ സമയം ചിറയ്ക്ക് ചുറ്റും തടിച്ച് കൂടിയത്. ഇവരെ നിയന്ത്രിക്കാനായി പൊലീസും എത്തിയിരുന്നു. നാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രാത്രിയോടെ ജിജിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് അവിടെ തടിച്ച് കൂടിയിരുന്ന ജനങ്ങളെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്.

കൊവിഡ് സാഹചര്യത്തില്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊണ്ട് നൂറിലധികം പേര്‍ ചിറയിലെത്തുന്നത് പ്രദേശത്ത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം ജിജിന്റെ മരണത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി പേര്‍ ഇവിടെ തടിച്ചുകൂടുകയും, ശവസംസ്‌കാരത്തിനായി നിരവധി പേര്‍ വീട്ടിലെത്തുകയുമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങളെല്ലാം വലിയ ആശങ്കയാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്.

കൊവിഡ് ബാധിതരുടെ എണ്ണം ഏറെയുള്ള മണിയൂര്‍ പഞ്ചായത്തില്‍ ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത് നിയന്ത്രണത്തില്‍കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ വലിയ രീതിയില്‍ രോഗം പടരാനുള്ള സാധ്യത ഉണ്ടാക്കുമെന്ന് അധികൃതര്‍ പറയുന്നു.

വിദേശത്ത് ജോലി ചെയ്തിരുന്ന ജിജിന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. അച്ഛന്‍: രാജു. അമ്മ: വത്സല. സഹോദരി: ജിന്‍സി.