മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം; സ്വപ്‌നയെ ഇഡി നിര്‍ബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍


തിരുവനന്തപുരം: ബാങ്ക്‌ ലോക്കറിൽനിന്ന്‌ കണ്ടെത്തിയ പണം മുഖ്യമന്ത്രി നൽകിയതാണെന്ന്‌ പറഞ്ഞാൽ മാപ്പു‌സാക്ഷിയാക്കാമെന്ന്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഡിവൈഎസ്‌പി രാധാകൃഷ്‌ണൻ സ്വപ്‌നയിൽ സമ്മർദം ചെലുത്തിയതായി സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥയുടെ മൊഴി. ലോക്കറിൽനിന്ന്‌ കണ്ടെടുത്ത പണം ശിവശങ്കർ തന്നതാണെന്നും അത്‌ മുഖ്യമന്ത്രിയാണ്‌ ശിവശങ്കറിന്‌ നൽകിയതെന്നും മൊഴി നൽകാനാണ്‌ നിർബന്ധിച്ചത്‌.

ചോദ്യം ചെയ്യൽ സമയം സ്വപ്‌നയ്‌ക്കൊപ്പമുണ്ടായിരുന്ന കൊച്ചി സെൻട്രൽ പൊലീസ്‌ സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ എസ്‌ റെജിമോളാണ്‌ ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകിയത്‌. മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ സ്വപ്‌നയിൽ ഇഡി സമ്മർദം ചെലുത്തിയെന്ന്‌ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പാലാരിവട്ടം പൊലീസ്‌ സ്‌റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസർ സിജി വിജയനും മൊഴി നൽകിയിരുന്നു

ഡിസംബർ 11നാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘത്തിന്‌ റെജിമോളും സിജി വിജയനും മൊഴി നൽകിയത്‌. മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടെന്ന്‌ വെളിപ്പെടുത്തിയ സ്വപ്‌നയുടെ ശബ്‌ദരേഖ നവംബർ 18ന്‌ പുറത്ത്‌ വന്നു. ഇതേ കുറിച്ച്‌ ഇഡിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച്‌ ഡിസംബർ 10,11,12 തീയതികളിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ്‌ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.

ഇതിൽ ചോദ്യം ചെയ്യൽ സമയത്ത്‌ കാബിനിലുണ്ടായിരുന്ന നാല്‌ വനിതാ ഉദ്യോഗസ്ഥരാണ്,‌ ഇഡി സ്വപ്‌നയിൽ സമ്മർദം ചെലുത്തി മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ച വിവരം വ്യക്തമാക്കിയത്‌. ആഗസ്‌ത്‌ 13ന്‌ സ്വപ്‌നയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ ഡിവൈഎസ്‌പി രാധാകൃഷ്‌ണൻ നിർബന്ധിച്ചത്‌. രാത്രി വൈകിയായിരുന്നു ചോദ്യം ചെയ്യൽ. ഈ സമയം ചോദ്യം ചെയ്‌ത കാബിനിൽ താനും സ്വപ്‌നയുടെ ഒപ്പമുണ്ടായിരുന്നുവെന്ന്‌ റെജിമോൾ മൊഴിയിൽ പറഞ്ഞു.

ഉദ്യോഗസ്ഥർ എഴുതിയെടുത്ത മൊഴി വ്യക്തമായി വായിക്കാൻ സ്വപ്‌നയ്‌ക്ക്‌ അവസരം നൽകിയിരുന്നില്ലെന്ന ഗുരുതര ആരോപണവും റെജിമോൾ ഉന്നയിച്ചു. മൊഴി സ്‌ക്രോൾ ചെയ്‌ത്‌ വിടുമ്പോൾ വ്യക്തമായി വായിച്ചില്ലെന്ന്‌ സ്വപ്‌ന പറയുന്നുണ്ടായിരുന്നു. സ്വപ്‌നയുടെ പുറത്തു‌വന്ന ശബ്‌ദരേഖയിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ്‌ സാക്ഷിയാക്കാമെന്ന്‌ ഉദ്യോഗസ്ഥർ വാഗ്‌ദാനം നൽകിയെന്നുണ്ട്‌. ഇത്‌ ശരിവയ്‌ക്കുന്നതാണ്‌ സുരക്ഷാ ഉദ്യോഗസ്ഥയുടെ മൊഴി.