മുക്കത്ത് ഒന്നരവയസ്സുകാരന്റെ തലയിൽ പാത്രം കുടുങ്ങി; ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാത്രം നീക്കം ചെയ്തു


മുക്കം: പാത്രം തലയിൽക്കുടുങ്ങിയ ഒന്നരവയസ്സുകാരന് രക്ഷകരായത് മുക്കം അഗ്നിരക്ഷാസേന. കൊടുവള്ളി കരുവൻപൊയിൽ സിറാജ്-റുക്സാന ദമ്പതിമാരുടെ മകൻ ഫർഹാന്റെ തലയിൽക്കുടുങ്ങിയ പാത്രമാണ് ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നീക്കംചെയ്തത്.

കളിക്കുന്നതിനിടെ പാത്രം തലയിൽക്കുടുങ്ങുകയായിരുന്നു. കുട്ടിയുടെ കരച്ചിൽകേട്ടപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ഇവർ മുക്കം അഗ്നിരക്ഷാസേനയെ ബന്ധപ്പെടുകയായിരുന്നു. എത്രയുംവേഗം കുട്ടിയെ അഗ്നിരക്ഷാനിലയത്തിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഹൈഗ്രേഡ് സ്റ്റീൽകൊണ്ട് നിർമിച്ച കലം റിങ് കട്ടിങ് ഉപകരണങ്ങൾ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ മുറിച്ചുമാറ്റുകയായിരുന്നു.

ഇത്തരത്തിൽ ഒട്ടേറെ കേസുകളാണ് അഗ്നിരക്ഷാനിലയത്തിൽ എത്തുന്നതെന്നും വീട്ടുകാർ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നും സ്റ്റേഷൻ ഓഫീസർ പി.ഐ. ഷംസുദ്ദീൻ പറഞ്ഞു.ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ അസി. സ്റ്റേഷൻ ഓഫീസർ എൻ. വിജയൻ, സീനിയർ ഫയർ ഓഫീസർ കെ. നാസർ, ഫയർ ഓഫീസർമാരായ കെ. ഷഫീക് അലി, നജ്മുദീൻ ഇല്ലിതൊടി, ജിതിൻരാജ്‌, ടി.പി. മഹേഷ്, അബ്ദുൽഷമീം, ആർ.വി. അഖിൽ, ഹോംഗാർഡുമാരായ ജോളി ഫിലിപ്പ്, രവീന്ദ്രൻ, സജിത അനിൽകുമാർ എന്നിവർ പങ്കെടുത്തു.