മിഠായിത്തെരുവിലെ തീപ്പിടുത്തം; ഇടുങ്ങിയ കടമുറികളും അമിതമായ സ്‌റ്റോക്കും അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫയല്‍ഫോഴ്‌സ് അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: ഇടുങ്ങിയ കടമുറികള്‍ അമിതമായ സാധന സ്‌റ്റോക്കുകളും മിഠായിത്തെരുവില്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഫയല്‍ഫോഴ്‌സ് മേധാവിക്കും കലക്ടര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷനും കൈമാറി.
മൊയ്തീന്‍പള്ളി റോഡിനടുത്തുള്ള വി.കെ.എം ബില്‍ഡിങ്ങിന്റെ രണ്ടാംനിലയില്‍ കഴിഞ്ഞദിവസമുണ്ടായ തീപിടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഫയര്‍ഫോഴ്‌സ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തിയത്. എം.പി റോഡ്, ഒയാസിസ് കോംപ്ലെക്‌സ്, ബേബി ബസാര്‍ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ ഭൂരിഭാഗവും ഇടുങ്ങിയ കടമുറികളാണെന്നും അവയ്ക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമുള്ള സാധനങ്ങള്‍ സ്റ്റോക്കു ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. തീപ്പിടുത്തം പോലുള്ള അപകടങ്ങളുണ്ടാവുമ്പോള്‍ അതിന്റെ തീവ്രത വര്‍ധിക്കാന്‍ ഇത് ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കു സമീപം സാധനങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നത് അപകടസാധ്യത കൂട്ടുന്നു. ക്രമമായ ഇടവേളകളില്‍ ഇവിടങ്ങളില്‍ പരിശോധന ആവശ്യമാണെന്നും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
മീഞ്ചന്ത, കോഴിക്കോട് ബീച്ച് ഫയര്‍ യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ടി. രജീഷാണ് റിപ്പോര്‍ട്ട് കൈമാറിയത്.
സെപ്റ്റംബര്‍ പത്തിനാണ് വി.കെ.എം ബില്‍ഡിങ്ങിലെ ചെരുപ്പുകടയില്‍ തീപ്പിടുത്തമുണ്ടായത്.