‘മാസ്‌കിന് പകരം മറ്റെന്തെങ്കിലും കണ്ടെത്തണം, കൊവിഡ് ചികിത്സയ്ക്ക് നല്ലത് ആയുര്‍വേദവും ഹോമിയോയും’; വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പി.സി ജോര്‍ജ്ജ്
കോട്ടയം: സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനോട് വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി മുന്‍ എം.എല്‍.എയും ജനപക്ഷം പാര്‍ട്ടി നേതാവുമായ പി.സി ജോര്‍ജ്ജ്. രോഗവ്യാപനം തടയാനായി ഉപയോഗിക്കുന്ന മാസ്‌കിന് പകരം മറ്റെന്തെങ്കിലും സംവിധാനം കണ്ടെത്തണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
‘എല്ലാവരും മാസ്‌ക് ധരിക്കണം. രോഗത്തെ പ്രതിരോധിക്കാനായി മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. എന്നാല്‍ മാസ്‌ക് സ്ഥിരമായി ധരിക്കുന്നത് ശരീരത്തിന് ദോഷമാണ്. ശരീരത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വീണ്ടും ശ്വസിക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും. മാസ്‌ക് ധരിക്കുമ്പോള്‍ ഇതാണ് സംഭവിക്കുന്നത്. ശരീരത്തില്‍ നിന്ന് പുറത്ത് വരുന്ന മൂത്രം ആരെങ്കിലും വീണ്ടും കുടിക്കുമോ? അതിനാല്‍ മാസ്‌കിന് പകരം മറ്റെന്തെങ്കിലും സംവിധാനം കണ്ടെത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചു.’ -കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കൊവിഡ് ചികിത്സയ്ക്ക് ആയുര്‍വേദവും ഹോമിയോയുമാണ് നല്ലതെന്നും ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
‘കൊവിഡ് ചികിത്സയ്ക്ക് ഏറ്റവും നല്ലത് ആയുര്‍വേദമാണ്. എന്നാല്‍ കൊവിഡ് വരുന്നതിന് മുമ്പ് അതിനെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്നാണ് ഏറ്റവും നല്ലത്. ഞാന്‍ ദിവസവും ഹോമിയോ മരുന്ന് കഴിക്കാറുണ്ട്. ഇത് ഏറെ ഗുണം ചെയ്യുന്നുണ്ട്. എന്റെ ഈ നിലപാട് അലോപ്പതി ഡോക്ടര്‍മാര്‍ക്ക് സുഖിക്കില്ല.’ -ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും ആയുര്‍വേദവും ഹോമിയോയും ഉള്‍പ്പെടെയുള്ള സമാന്തര ചികിത്സാരീതികള്‍ ഫലപ്രദമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം ചികിത്സാരീതികള്‍ രോഗശമനത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുന്നവതാണ് എന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവും ഇല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.