മാസങ്ങളായി യു.എ.ഇയിലെ ഷാര്‍ജാ മോര്‍ച്ചറിയിലുള്ള മൃതദേഹം കോഴിക്കോട് സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു


അജ്മാന്‍: മാസങ്ങളായി യു.എ.ഇയിലെ ഷാര്‍ജാ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മലയാളിയുടെ മൃതദേഹം കോഴിക്കോട് സ്വദേശിയുടെത്. കോഴിക്കോട് മംഗലാട് സ്വദേശി അബ്ദുള്‍ സത്താറിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ ഷാര്‍ജാ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫോട്ടോയും അബ്ദുള്‍ സത്താര്‍ തുണ്ടികണ്ടിയില്‍ പോക്കര്‍ എന്ന പേരും മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം യാദൃശ്ചികമായി വിവരം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി ഇദ്ദേഹത്തെക്കുറിച്ച് തിരക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ആളുകള്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു.

അബ്ദുള്‍ സത്താറിനെ തിരിച്ചറിഞ്ഞ ആളുകള്‍ യു.എ.ഇയില്‍ തന്നെയുള്ള അകന്ന ബന്ധുക്കളെ അറിയിച്ചു. ഇദ്ദേഹത്തിന് ഭാര്യയും പത്ത് വയസായ ഒരു മകനുമുണ്ട് നാട്ടില്‍. ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഉടന്‍ നാട്ടിലയക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി അഷറഫ് താമരശ്ശേരി അറിയിച്ചു.

അബൂദാബിയിലെ ഒരു കഫ്റ്റീരിയയില്‍ ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹത്തിന്റെ വിസ രണ്ട് വര്‍ഷം മുന്‍പ് ക്യാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നതിനെക്കുറിച്ച് കുറിച്ച് വിവരമില്ലായിരുന്നു. ഷാര്‍ജയില്‍ കണ്ടിരുന്നതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇദ്ദേഹം നാട്ടില്‍ വന്നു പോയിട്ട് അഞ്ച് വര്‍ഷത്തോളമായതായാണ് ബന്ധുക്കള്‍ പറയുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.