മാവോയിസ്റ്റ് സാന്നിധ്യം; പേരാമ്പ്ര എസ്റ്റേറ്റില്‍ പരിശോധന ശക്തമാക്കി തണ്ടര്‍ബോള്‍ട്ട്, പെരുവണ്ണാമൂഴിയില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു


പേരാമ്പ്ര: മുതുകാട്ടിലെ എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ എത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും തിരച്ചില്‍ നടത്തി. പേരാമ്പ്ര ഡി.വൈ.എസ്.പി. ജയന്‍ ഡൊമിനിക്, പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ കെ.സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഭാഗമാണ് പേരാമ്പ്ര എസ്റ്റേറ്റ്. അതിനാല്‍ വനപ്രദേശത്തും തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ നടത്തി. പെരുവണ്ണാമൂഴി മേഖലയില്‍ സുരക്ഷ ശക്തമാക്കും. അടുത്തദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രദേശത്ത് പോലീസിന്റെ പരിശോധനയുണ്ടാകും. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനില്‍ പത്ത് പോലീസ് സേനാംഗങ്ങളെ അധികമായി നിയോഗിച്ചിട്ടുമുണ്ട്.

എസ്റ്റേറ്റ് ഓഫീസിലെത്തിയ ഡി.വൈ.എസ്.പി. എസ്റ്റേറ്റ് മാനേജര്‍ ജി. അരുണ്‍കുമാറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ബോബ്, ഡോഗ് സ്‌ക്വാഡുകളും പ്രദേശത്ത് പരിശോധന നടത്തി.

ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെയാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിന് സമീപം റോഡിലൂടെ എത്തിയത്. സംഘം എസ്റ്റേറ്റ് മാനേജര്‍ക്കും ജീവനക്കാര്‍ക്കും നോട്ടീസ് നല്‍കുകയും സമീപത്തെ ബസ്സ്റ്റോപ്പിലും കാന്റിനിന്റെ മുന്‍വശത്തും പോസ്റ്ററുകള്‍ പതിച്ചുമാണ് മടങ്ങിയത്.

തൊഴിലാളികളില്‍നിന്ന് പണം സ്വരൂപിച്ച് നല്‍കാമോ എന്നും മാനേജരോട് ആരാഞ്ഞിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളെപ്പറ്റിയും താമസസ്ഥലത്തെപ്പറ്റിയുമൊക്കെയാണ് ചോദിച്ചത്. ഇരുമ്പയിര്‍ ഖനനനീക്കത്തിനെതിരേയും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, എംഎല്‍എ ടി.പി.രാമകൃഷ്ണന്‍, മുന്‍ മന്ത്രി എളമരം കരിം എന്നിവര്‍ക്കെതിരെയും ഉള്ള വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.