മാവോയിസ്റ്റുകൾക്കിടയിലെ ‘കൊറിയർ’, പ്രവർത്തനം പശ്ചിമഘട്ടം കേന്ദ്രീകരിച്ച്; കൊയിലാണ്ടിയിൽ പിടിയിലായ അനീഷ് വയനാട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച മാവോയിസ്റ്റ് പ്രവർത്തകൻ


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഇന്നലെ പോലീസ് പിടികൂടിയ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തമ്പി എന്ന അനീഷ് പശ്ചിമഘട്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് സഹായമെത്തിക്കുന്നയാള്‍. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ഇയാളെ പിടികൂടിയത്.

കൊയിലാണ്ടിക്കടുത്ത് ഒരു വാഹനത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. രാത്രി ഒരു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൂടൂതല്‍ ചോദ്യം ചെയ്യാനായി മലപ്പുറം അരീക്കോട് പ്രവര്‍ത്തിക്കുന്ന മാവോവിരുദ്ധ ദൗത്യസംഘത്തിന്റെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. രാത്രി 2മണിയോടെ വന്‍ പോലീസ് സന്നാഹത്തില്‍ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

വയനാട്, കണ്ണൂര്‍ വനാന്തരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനിദളത്തിന്റെ ഭാഗമായാണ് അനീഷ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മാവോയിസ്റ്റുകള്‍ പുറത്ത് നിന്നും സാധനങ്ങള്‍ എത്തിക്കുന്ന ഇയാള്‍ ‘കൊറിയര്‍’ എന്നാണ് അറിയപ്പെടുന്നത്. മുമ്പ് വയനാട് പോലീസ് അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി മൊയ്ദീന്റെ നേതൃത്വത്തില്‍ 18 മാവോയിസ്റ്റുകളാണ് കബനിദളത്തില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ വയനാട് തലപ്പുഴയ്ക്കും ആറളം ഫാമിനുമിടയിലെ വനത്തിലാണ് മാവോയിസ്റ്റുകള്‍ താമവളമടിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ആറളം ഫാമിന് സമീപത്തുള്ള കേളകത്ത് വനംവകുപ്പിന്റെ വാച്ചര്‍മാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തിരുന്നു. ഒപ്പം കമ്പമല കോളനിയിലെ സിസിടിവിയും വയനാട് ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഓഫീസും മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ അനീഷ് പിടിയിലാവുന്നത്.