മാലിന്യത്തൊട്ടിയായി ചെറുവള്ളി റിസര്‍വ്വോയര്‍ ബണ്ടിന്റെ പരിസരവും അനുബന്ധ പ്രദേശങ്ങളും; ദുരിതത്തിലായി പ്രദേശവാസികള്‍


നരിനട: ചെറുവള്ളി റിസര്‍വ്വോയര്‍ ബണ്ടിന്റെ പരിസരവും അനുബന്ധ പ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നതായി പരാതി. അടുക്കള മാലിന്യങ്ങളും സിറിഞ്ചുകള്‍, ഡയപ്പെര്‍ തുടങ്ങിയ മാലിന്യങ്ങളുമാണ് ഇരുട്ടിന്റെ മറവില്‍ ആളുകള്‍ ഇവിടെ നിക്ഷേപിക്കുന്നത്.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധ ജലവിതരണം നടത്തുന്ന ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭാഗമായിട്ടുളള കിണര്‍ സ്ഥിതിചെയ്യുന്നതും ഈ റിസര്‍വ്വോയറിലാണ്. എന്നാല്‍ കനത്ത മഴയില്‍ മാലിന്യം ഒഴുകി ജലസംഭരണിയില്‍ എത്തുന്നത് ഇവിടെ നിത്യസംഭവമാണ്. ഇത് കാരണം കിണറിലെ വെള്ളവും മലിനമാകുന്ന സ്ഥിതിയാണ്.

അടുക്കള മാലിന്യങ്ങള്‍ക്കൊപ്പം സിറിഞ്ച് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നത് കാരണം വളര്‍ത്തുമൃഗങ്ങള്‍ ഇത് ഭക്ഷിക്കുന്ന അവസ്ഥയാണ്. കൊറോണയ്‌ക്കൊപ്പം മഴക്കാല രോഗങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.