മാപ്പിളപ്പാട്ടു ഗായകന് വി.എം കുട്ടി അന്തരിച്ചു; വിടവാങ്ങിയത് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്
മലപ്പുറം: മാപ്പിളപ്പാട്ടു ഗായകൻ വിഎം കുട്ടി (86) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
കല്യാണ പന്തലുകളിൽ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ടു ഗായകനും കവിയുമായിരുന്നു വിഎം കുട്ടി. പൊതുവേദിയിൽ ആദ്യമായി മാപ്പിളപ്പാട്ടു ഗാനമേള അവതരിപ്പിച്ചതും അദ്ദേഹമാണ്. 1972ൽ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസർകോട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്. കേരളത്തിൽ സ്വന്തമായി മാപ്പിളപ്പാട്ടിന് ഒരു ഗാനമേള ട്രൂപ്പുണ്ടാക്കിയതും വിഎം കുട്ടിയാണ്.
1935 ഏപ്രിൽ 16നായിരുന്നു ജനനം. മലപ്പുറം ജില്ലയിലെ പുളിക്കലാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്സിനും ശേഷം 1985 വരെ അധ്യാപനായി ജോലി ചെയ്തു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.
ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് 20ാം വയസിൽ കലാജീവിതം തുടങ്ങി. 1965 മുതൽ ഗൾഫ് നാടുകളിലെ വേദികളിൽ വിഎം കുട്ടിയുടെ ഗാനവിരുന്നുകൾ ധാരാളമായി അരങ്ങേറിയിരുന്നു. 1987ൽ കവറത്തി സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നിൽ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചും വിഎം കുട്ടി ശ്രദ്ധ നേടി.
ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾക്ക് ശബ്ദവും സംഗീതവും നൽകിയ വിഎം കുട്ടി മികച്ച ഗാനരചയിതാവ് കൂടിയാണ്. 1921 അടക്കം നിരവധി സിനിമകളിലും അദ്ദേഹം ഗാനങ്ങൾ എഴുതി. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീർ മാല, ഭക്തി ഗീതങ്ങൾ, മാനവമൈത്രി ഗാനങ്ങൾ, കുരുതികുഞ്ഞ് എന്നിവയാണ് പ്രധാന കൃതികൾ.
സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാർഡ്, സിഎച്ച് കൾച്ചറൽ സെൻട്രൽ അവാർഡ്, ഇന്തോ-അറബ് കൾച്ചറൽ സെന്റർ ഒരുമ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങളും വിഎം കുട്ടിക്ക് കിട്ടിയിട്ടുണ്ട്. കേരള സാഹിത്യ നാടക അക്കാദമി അംഗമായി പ്രവർത്തിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് സെക്രട്ടറി, ഇന്തോ-അറബ് കൾച്ചറൽ സൊസൈറ്റി രക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.