‘മാപ്പാക്കണം, ഞാനൊരു മോഷ്ടാവല്ല’; കണ്ണൂരില്‍ ‘ലിസ്റ്റ്’ എഴുതി സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കി കള്ളന്‍


പരിയാരം: മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കി കള്ളന്‍. പരിയാരം പഞ്ചായത്ത് വായാട് തിരുവട്ടൂര്‍ അഷ്‌റഫ് കൊട്ടോലയുടെ തറവാടു വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ മൂന്ന് കവറുകള്‍ കണ്ടത്. തുറന്നുനോക്കിയപ്പോള്‍ പണവും ആഭരണവും ഒരു കത്തും. 1,91,500 രൂപയും നാലര പവന്റെ സ്വര്‍ണമാലയും 630 മില്ലിഗ്രാം സ്വര്‍ണത്തരികളുമാണ് കവറുകളില്‍ ഉണ്ടായിരുന്നത്.

കോവിഡ് കാലത്ത് നിവൃത്തികേടുകൊണ്ട് ചെയ്തുപോയതാണെന്നും പറ്റിയ തെറ്റിനു മാപ്പുചോദിക്കുന്നുവെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. മോഷണം നടത്തിയ വീടുകളുടെ ഉടമകളുടെ പേരും ഓരോ വീട്ടിലും എത്ര തുക വീതം തിരികെ നല്‍കാനുണ്ടെന്നുള്ള വിവരവും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുകാര്‍ ഇവ പരിയാരം പൊലീസില്‍ ഏല്‍പിച്ചു. പൊലീസ് അതു കോടതിയില്‍ ഹാജരാക്കി.

ലോക്ഡൗണ്‍ നാളുകളില്‍ പ്രദേശത്ത് അടയ്ക്ക, റബര്‍ തുടങ്ങിയവയും സ്വര്‍ണാഭരണങ്ങളും മോഷണം പോകുന്ന സംഭവങ്ങള്‍ വ്യാപകമായിരുന്നു. അന്വേഷണം ഊര്‍ജിതമായതോടെയാണു പ്രതി മോഷണ മുതല്‍ ഉപേക്ഷിച്ചതെന്നാണു പൊലീസിന്റെ നിഗമനം.