പീഡനമുള്‍പ്പെടെ നാല്‍പ്പതോളം കേസുകളിലെ പ്രതി പോലീസ് പിടിയില്‍


കോഴിക്കോട്: പീഡനമുള്‍പ്പെടെ നാല്‍പ്പതോളം കേസുകളില്‍ നാലുവര്‍ഷമായി പിടികിട്ടാപ്പുള്ളിയായി ഒളിവിലായിരുന്ന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. മുപ്പത്തിയേഴു വയസ്സുള്ള മലപ്പുറം പുറത്തൂര്‍ കാളൂര്‍ പുതുപ്പള്ളി പാലക്കവളപ്പില്‍ ശിഹാബുദ്ദീനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗത്തിനു മുതിര്‍ന്ന കേസില്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഒളിവിലായിരുന്നു. മടവൂര്‍ മഖാം പരിസരത്തുെവച്ച് നോര്‍ത്ത് അസി. കമ്മിഷണര്‍ കെ. അഷ്റഫിന്റെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി നാല്‍പ്പതോളം കേസുകളിലെ പ്രതിയാണ് ശിഹാബുദ്ദീന്‍.

മന്ത്രവാദവും മറ്റു നടത്തുന്ന ഉസ്താദാണെന്ന് പരിചയപ്പെടുത്തി സ്ത്രീകളുടെ സ്വര്‍ണവും പണവും കൈക്കലാക്കുന്നതും മാനഭംഗപ്പെടുത്തി ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി. ഫോണിലൂടെ ഉസ്താദിന്റെ രീതിയില്‍ ശബ്ദം മാറ്റിപ്പറഞ്ഞാണ് സ്ത്രീളെ ചതിയില്‍പ്പെടുത്തുന്നത്. ഉയര്‍ന്ന കുടുംബത്തില്‍പ്പെട്ടവരും സര്‍ക്കാര്‍ ജോലിക്കാരുമടക്കം പലരും വിളിക്കാറുണ്ടെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

ഇയാള്‍ 14 സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നതിനാല്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പ്രതി വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമായി നിരന്തരം യാത്രയിലൂടെ നാലുവര്‍ഷമായി പോലീസിനെ വെട്ടിച്ച് വിലസുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ വാറന്റുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ മൂന്നാഴ്ച നീണ്ട നിരന്തര പരിശ്രമഫലമായാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ ജൂനിയര്‍ എസ്.ഐ. ടി.എന്‍. വിപിന്‍, എസ്.ഐ. പി.കെ. സൈനുദ്ദീന്‍, എ.എസ്.ഐ. മാരായ ഒ. ഉണ്ണിനാരായണന്‍, കെ.വി. രാജേന്ദ്രകുമാര്‍, വി. മനോജ്കുമാര്‍, വനിതാ സി.പി.ഒ. ജംഷീന, സി.പി.ഒ. ഡ്രൈവര്‍ സനിത്ത്, സി.പി.ഒ. കൃജേഷ് എന്നിവരുമുണ്ടായിരുന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക