മഴക്കെടുതി: കൊയിലാണ്ടി വിയ്യൂരില്‍ 40 ഓളം വീടുകള്‍ വെള്ളത്തില്‍; ആളുകളെ മാറ്റാനുള്ള നടപടികള്‍ തുടങ്ങി: മൂടാടിയില്‍ രണ്ടു കുടുംബങ്ങളെ മാറ്റി, (വീഡിയോ കാണാം)


കൊയിലാണ്ടി: മഴക്കെടുതിയില്‍ കൊയിലാണ്ടി മുനിസിപ്പിലാറ്റിയിലെ വിയ്യൂര്‍, മൂടാടി ഭാഗങ്ങളില്‍ പലയിടങ്ങളിലും വെള്ളം കയറി. ഒമ്പതാം വാര്‍ഡിലുള്‍പ്പെടുന്ന അരീക്കലില്‍ ഇരുപത്തിയഞ്ചോളം വീടുകള്‍ വെള്ളത്തിലാണെന്ന് പ്രദേശം സന്ദര്‍ശിച്ച വിയ്യൂര്‍ വില്ലേജ് ഓഫീസര്‍ രമേശന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇവിടെ സന്ദര്‍ശിച്ച് ആളുകളെ സുരക്ഷിതമായി താമസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വെള്ളം കയറിയ വീടുകളിലുള്ളവരെ അടുത്തുള്ള ബന്ധുവീടുകളിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. കുറേപ്പേര്‍ ഇതിനകം തന്നെ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രദേശത്തെ റോഡുകളില്‍ പലയിടങ്ങളിലും ഒരുമീറ്ററിനു മുകളില്‍ വെള്ളം കയറിയ നിലയിലാണ്. മഴ ഇനിയും ശക്തമാകുകയാണെങ്കില്‍ സ്‌കൂളില്‍ ക്യാമ്പ് സംഘടിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴാം വാര്‍ഡായ പാലോളിത്താഴയും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അവിടേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

തൊട്ടടുത്ത പ്രദേശമായ മൂടാടി വില്ലേജിലും പല വീടുകളിലും വെള്ളം കയറിയിട്ടുണ്ടെന്ന് മൂടാടി വില്ലേജ് ഓഫീസര്‍ അറിയിച്ചു. കോടിക്കല്‍ ഭാഗത്ത് രണ്ടുവീടുകളില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.