മഴക്കാലത്ത് ഇനി അവര്‍ ക്യാമ്പുകളിലേക്കില്ല; പൂര്‍വ വിദ്യാര്‍ഥിക്ക് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് കുറ്റ്യാടി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


കുറ്റ്യാടി: പൂര്‍വ വിദ്യാര്‍ഥിക്ക് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് കുറ്റ്യാടി ഗവ ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചു വന്നിരുന്ന കുടുംബത്തിനാണ് എൻ എസ് എസ് യൂണിറ്റ് വീടൊരുക്കിയത്.

കുറ്റ്യാടി ഊരത്ത് എടവൻ താഴ ജാനുവിന്റെ പുഴയോരത്തുള്ള കൊച്ചു കൂര മിക്ക മഴക്കാലത്തും വെള്ളത്തിലാകും. രണ്ട് വിദ്യാര്‍ഥിനികളുള്‍പ്പെടെ നാലു പേരാണ് താമസിച്ചിരുന്നത്. ഇവരെ സഹായിക്കാന്‍ കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മുൻകൈയ്യെടുക്കുകയായിരുന്നു.

താമസിക്കാന്‍ സുരക്ഷിതമായ ഇടം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം. ഒമ്പത് ലക്ഷം രൂപ ചിലവിലാണ് വീട് നിർമ്മാണം .അധ്യാപകരും നാട്ടുകാരും പിന്തുണച്ചു. മന്ത്രി അഹമ്മദ് ദേവർ കോവിലാണ് വീടിന്റ താക്കോൽദാനം നിർവ്വഹിച്ചത്.