മഴക്കാടും വന്യമൃഗങ്ങളും വെള്ളച്ചാട്ടവും; മനംകുളിര്‍പ്പിക്കുന്ന വശ്യതയുമായി മലക്കപ്പാറ; ആനവണ്ടിയിലേറി കുറഞ്ഞ ചിലവില്‍ മലക്കപ്പാറയിലേക്ക് പോകാം


കാടിന്റെ കാഴ്ചകള്‍ തേടി യാത്ര ചെയ്യാന്‍ ഇഷ്ടമാണോ? എങ്കില്‍ ജീവതത്തില്‍ ഒരിക്കലെങ്കിലും മലക്കപ്പാറയില്‍ പോകണം. അതും കേരളത്തിന്റെ സ്വന്തം ആനവണ്ടിയില്‍. അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ എന്നീ കേരളത്തിലെതന്നെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ഷോളയാര്‍ ഡാമും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച മഴക്കാടും വന്യമൃഗങ്ങളെയും കണ്ട് 40 കിലോമീറ്റര്‍ നീളുന്ന വനപാതയിലൂടെ മലക്കപ്പാറ ആനവണ്ടി യാത്ര ആരെയും ആകര്‍ഷിക്കും.

തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന നമ്മുടെ മൂന്നാറിലെ തെയിലതോട്ടങ്ങളോട് സാമ്യം തോന്നിക്കുന്ന തേയിലത്തോട്ടങ്ങളും , നനവുള്ള കാറ്റും , കമിതാക്കളെ പോലെ ഒരുമിച്ചു ചേര്‍ന്ന് കടന്നുവരുന്ന മഞ്ഞും മഴയും, മല നിരകളും, കൊച്ചു കൊച്ചു വീടുകളും, അങ്ങിങ്ങെ അലഞ്ഞു നടക്കുന്ന പശുക്കളും ഒക്കെ ആയി ഒരു സുന്ദര ഗ്രാമമാണ് മലക്കപ്പാറ. മാത്രമല്ല നമ്മുടെ കേരളം തമിഴ്‌നാടിനോട് അധിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് മലക്കപ്പാറ.

കാനനഭംഗിയും താഴ്വാരങ്ങളുടെ മനോഹാരിതയും വന്യമൃഗങ്ങളുടെ സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാനും മലക്കപ്പാറയിലെത്തുന്നവര്‍ ധാരാളം. ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍, തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് മലക്കപ്പാറയിലെത്തുന്നത്. മലമ്പാതയിലൂടെയുള്ള യാത്രയില്‍ ആന, മാന്‍, കുരങ്ങ്, തുടങ്ങിയ വിവിധ വന്യജീവികളെയും അടുത്ത് കാണാന്‍ കഴിയുമെന്നതിനാല്‍ സഞ്ചാരികള്‍ക്ക് മലക്കപ്പാറയിലേക്കുള്ള യാത്ര വളരെ പ്രിയപ്പെട്ടതാണ്. മൂന്നാറിലെ അതേ കാലാവസ്ഥയുള്ള മലക്കപ്പാറയിലെത്തുന്നവര്‍ക്ക് പ്രകൃതിസൗന്ദര്യം ഏറെ ആസ്വദിക്കാം….

വെറ്റിലപ്പാറയിൽ അതിഥികളെ വരവേൽക്കുന്ന മ്ലാവ്

ദിവസവും രാവിലെ മുതല്‍ ചാലക്കുടിയില്‍ നിന്ന് കെ.എസ്.ആര്‍.ടിസി മലക്കപ്പാറയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി പേരാണ് ദിവസവും ആനവണ്ടിയില്‍ മലക്കപ്പാറ കാണാന്‍ പോകുന്നത്. രാവിലെ പുറപ്പെടുന്ന ബസുകളിൽ യാത്ര ചെയ്‌താൽ ലഭിക്കാത്ത ഒരു ഗുണം ഉച്ച കഴിഞ്ഞു പുറപ്പെടുന്ന ബസുകളിലെ യാത്രയ്ക്ക് ഉണ്ട്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള 40 കിലോമീറ്റർ റോഡ് കേരളത്തിലെ തന്നെ ഏറ്റവും മികച്ച വനപാതയാണ്. ആനയും കാട്ടുപോത്തും മാനും മ്ലാവുമൊക്കെ ധാരാളം സ്വൈരവിഹാരം നടത്താറുള്ള വനം. അതുകൊണ്ടുതന്നെ ഈ യാത്രയ്ക്ക് വനംവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങൾ ഈ വഴിയിൽ ഒരിടത്തും യാത്രയ്ക്കിടെ നിർത്താനോ ഹോൺ മുഴക്കുവാനോ ഉച്ചത്തിൽ പാട്ടുവയ്ക്കാനോ പാടില്ല. വാഴച്ചാൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽനിന്നു മലക്കപ്പാറയ്ക്ക് വൈകിട്ട് 6 മണിക്കു ശേഷം സ്വകാര്യവാഹനങ്ങൾക്കു പോകുവാൻ അനുവാദമില്ല. വാഴച്ചാൽ, മലക്കപ്പാറ ചെക്ക് പോസ്റ്റുകൾ അടയ്ക്കും. രാത്രിയിൽ ധാരാളം വന്യമൃഗങ്ങൾ ഇറങ്ങുന്ന വനപാതയാണിത്.

ഈ നിയന്ത്രണം ബാധകമല്ലാത്ത, ഉച്ചക്ക് ശേഷം ചാലക്കുടിയിൽനിന്നു പുറപ്പെടുന്ന കെഎസ്ആർടിസി ബസുകൾ മലക്കപ്പാറയിൽനിന്നു ചാലക്കുടിക്ക് വനപാതയിലൂടെ സഞ്ചരിക്കുന്നത് രാത്രിയോടടുത്താണ്. മറ്റൊരു വാഹനവും പാതയിൽ ഇല്ലാത്ത രാത്രിസമയങ്ങളിൽ ‘നെഞ്ചും വിരിച്ചു’ വനപാതയിലൂടെ നടക്കുന്ന ആനയെയും പോത്തിനെയുമൊക്കെ കാണാൻ ഉള്ള അവസരം ആകെ ലഭിക്കുന്നത് ഈ ബസിൽ യാത്ര ചെയ്യുന്നവർക്കു മാത്രമാണ്.

പ്രധാന കാഴ്ച

ചാലക്കുടിയിൽനിന്നുള്ള ബസ് അതിരപ്പിള്ളിയിൽ എത്തുമ്പോൾ കുറച്ചു സഹയാത്രികരെങ്കിലും അവിടെ ഇറങ്ങും. അതിരപ്പിള്ളി വെള്ളച്ചാട്ടം ആസ്വദിക്കാനായി വിദേശികളും സ്വദേശികളുമായ ഒരുപാട് സഞ്ചാരികൾ ഈ ബസിൽ വന്നിറങ്ങാറുണ്ട്. ബസിൽ മലക്കപ്പാറയ്ക്കു യാത്ര ചെയ്യുന്നവർക്ക് അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു നോക്കു കാണുവാൻ മാത്രമേ അവസരം ലഭിക്കൂ. മിക്കവാറും അതിരപ്പിള്ളിയിൽ ബസ് നിർത്തിയിടുന്നത് 3 മിനിറ്റ് മാത്രം. ഇതേ അവസ്ഥ തന്നെയാണ് വാഴച്ചാൽ വെള്ളച്ചാട്ടത്തിനടുത്തും.

വാഴച്ചാൽ ചെക്‌പോസ്റ്റ് കഴിഞ്ഞാൽ വനപാത ആരംഭിക്കുകയാണ്. പോകുന്ന വഴിയിൽ ഇടതു വശത്താണ് ചാർപ്പ വെള്ളച്ചാട്ടം. മഴക്കാലത്തു റോഡിലേക്ക് അടിച്ചു കയറുന്ന ശക്തമായ ഈ വെള്ളച്ചാട്ടം മഴയില്ലാത്ത സമയങ്ങളിൽ ശാന്തമായി സഞ്ചാരികളുടെ കണ്ണിനു കുളിരേകുന്നു. ഇനി മണിക്കൂറുകളോളം മുന്നിലും വശങ്ങളിലും വനം മാത്രം. കാടിന് നടുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വനപാതയിലൂടെ മുമ്പോട്ടു പോകുമ്പോൾ ലോവർ ഷോളയാർ ഡാമിന്റെ പവർഹൗസും കേരളത്തിന്റെ ഭാഗമായ ഷോളയാർ ഡാമും തമിഴ്നാടിന്റെ ഭാഗമായ, ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളും പ്രധാന കാഴ്ചകൾ ആണ്. ഇതെല്ലാം കണ്ടു മുന്നോട്ടു പോകുമ്പോൾ അസ്തമയ സൂര്യന്റെ കുങ്കുമ വർണ്ണം വനത്തിനുമേൽ നിഴൽ വിരിക്കും. കാട്ടുപാതയിൽ നിന്നു ബസ് പതുക്കെ തേയിലക്കാട്ടിലേക്കു കയറിത്തുടങ്ങുമ്പോൾ മലക്കപ്പാറ എന്ന ഗ്രാമം നമ്മെ സ്വാഗതം ചെയ്യും.

മലക്കപ്പാറ എന്ന കേരള തമിഴ് ഗ്രാമം

ഔദ്യോഗികമായി കേരളത്തിന്റെ ഭാഗമാണെങ്കിലും ഏതാണ്ട് പൂർണമായും തമിഴ് സംസ്കാരവും ജീവിതരീതിയുമാണ് മലക്കപ്പാറയ്ക്ക്. ബസ് മലക്കപ്പാറയിലേക്ക് എത്തുമ്പോൾ രണ്ടുവശവും പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളാണ് സ്വാഗതം ചെയ്യുക. തമിഴ് വംശജരായ ആളുകൾ കോടമഞ്ഞിനിടയിലൂടെ തേയിലക്കൊളുന്തിന്റെ ചുമടുമായി നടക്കുന്ന ഹൃദ്യമായ ദൃശ്യം വഴിനീളെ കാണാം. മലക്കപ്പാറയിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റും കഴിഞ്ഞു മുന്നോട്ടു നീങ്ങുമ്പോൾ ഈ ചെറു തമിഴ് ഗ്രാമത്തിലെ സായാഹ്‌ന ജനജീവിതം നമുക്ക് കൺകുളിരെ കാണാം.

മലക്കപ്പാറയിലെ ആനവണ്ടി താവളം

തമിഴ്നാടിന്റെ ഭാഗമായ അപ്പർ ഷോളയാർ ഡാമിന്റെ തൊട്ടു താഴെയാണ് ആനവണ്ടിയുടെ മലക്കപ്പാറയിലെ ഹാൾട്ട്. ഒരു ചായ കുടിച്ചു തിരിച്ചു വരാനുള്ള 15 മിനിറ്റ് ആണ് സമയം. തമിഴ്നാട് കേരള ബോർഡറും ഇവിടെത്തന്നെ. ഇവിടെ നിന്ന് 28 കിലോമീറ്റർ ദൂരമുണ്ട് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വാൽപാറയ്ക്ക്. പൊള്ളാച്ചിക്കും വാൽപാറയ്ക്കും പോകേണ്ട യാത്രികർക്ക് ഇവിടെ നിന്നു ബസ് ലഭ്യമാകും. തമിഴ്നാട് സർക്കാർ ബസ് മിക്കവാറും ഓരോ മണിക്കൂർ ഇടവിട്ട് ഉണ്ടാകും.

ധാരാളം ഹോംസ്റ്റേകളും റിസോർട്ടുകളും മലക്കപ്പാറയിൽ ഉണ്ട് അതുകൊണ്ടു തന്നെ ഒരു ദിവസം തങ്ങി മലക്കപ്പാറയിലെ കുളിര് അറിയണമെന്നുള്ളവർക്കു താമസസൗകര്യം ഒരു പ്രശ്നമേയല്ല.

മലക്കപ്പാറ ആനവണ്ടി യാത്ര എന്തുകൊണ്ട് വ്യത്യസ്തമാകുന്നു

ഒരു തികഞ്ഞ വനയാത്ര എന്ന നിലയിൽ മലക്കപ്പാറ യാത്ര വ്യത്യസ്തമായ അനുഭവമാണ്. വളരെ ബജറ്റ് കുറഞ്ഞ ഒരു വൺ ഡേ ട്രിപ്പ് ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമാണ് ഈ യാത്ര. ശുദ്ധവായു ശ്വസിച്ചും വനത്തെ കണ്ടും അറിഞ്ഞുമുള്ള യാത്രയിൽ, വഴികളിൽ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ നിത്യജീവിതത്തിലെ എല്ലാ വിഷമതകളും മറന്നു നന്നായി റിലാക്സ് ചെയ്യാം.

സഞ്ചാരികളെ ആകർഷിക്കുന്ന തലത്തിലേക്ക് മലക്കപ്പാറ ആനവണ്ടി യാത്ര വളർന്നതിൽ ബസിലെ ജീവനക്കാരുടെ പങ്ക് വലുതാണ്. യാത്രക്കാരോടുള്ള സൗഹൃദപരമായ പെരുമാറ്റവും പരിഗണനയും മറ്റു ബസ് സർവീസുകളിൽനിന്ന് മലക്കപ്പാറ ആനവണ്ടി യാത്രയെ വ്യത്യസ്തമാക്കുന്നു. ഒരു ബസിനു കഷ്ടിച്ചു പോകാൻ മാത്രം വീതിയുള്ള ഈ വനപാതയിലൂടെ മറ്റു വലിയ വാഹനങ്ങൾക്കു കൂടി സഹായകരമായ രീതിയിൽ സുരക്ഷിതമായാണ് ആനവണ്ടി സഞ്ചരിക്കുന്നത്.

ധാരാളം വളവുകളുള്ള ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പലയിടത്തും ബസ് ഒരുപാട് സമയം നിർത്തി മറ്റു വാഹനങ്ങൾക്ക് വഴി കൊടുക്കേണ്ട സാഹചര്യവും ചിലപ്പോൾ പുറകോട്ടു തന്നെ പോകേണ്ടതായും വരും. ഇത്തരം ദുർഘടമായ എല്ലാ സാഹചര്യങ്ങളിലും വളരെ ശ്രദ്ധയോടെ അപകടരഹിതമായാണ് ഇവർ ഡ്രൈവ് ചെയ്യുന്നത്.വന്യമൃഗങ്ങളെ കാണുമ്പോഴും മനോഹരമായ ദൃശ്യങ്ങൾ നിറഞ്ഞ പ്രദേശത്തുമൊക്കെ യാത്രക്കാർക്കു ചിത്രങ്ങൾ എടുക്കാൻ ഉള്ള സൗകര്യം ഈ ബസ് ജീവനക്കാർ ഒരുക്കി കൊടുക്കാറുണ്ട്. ഇത് യാത്രാപ്രേമികൾക്ക് വലിയൊരു സഹായം ആണ്.

യാത്ര

ചാലക്കുടിയിൽ നിന്നും 30 കിലോ മീറ്റർ അകലെയുള്ള ആതിരപ്പള്ളി വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൾക്കുത്ത് ഡാം, തുടങ്ങിയവ കണ്ട് കാടിനുള്ളിൽ കൂടിയുള്ള 90 കിലോ മീറ്റർ യാത്രയാണ് മലക്കപ്പാറയിലേക്ക് ഉള്ളത്. പ്രകൃതി രമണീയമായ തേയിലതോട്ടം ഉൾപ്പെടെ കണ്ട് തിരികെ വരാൻ ഒരാൾക്ക് ഓർഡിനറി ടിക്കറ്റ് നിരക്കായ 204 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്ക്.

നിലവിൽ ചാലക്കുടി ഡിപ്പോയിൽ നിന്നും പ്രതിദിനം 6 ഓളം സർവ്വീസുളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്. യാത്രക്കാർ കൂടുന്ന പക്ഷം കൂടുതൽ സർവ്വീസുകൾ ഒരുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.