മഴ പെയ്താല്‍ യാത്ര ചെളിയിലൂടെ; ഇടത്തുംകണ്ടിത്താഴ -പാറാട്ടുപാറ റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു


കൂത്താളി : മഴപെയ്താൽ ചെളിക്കുളമാകുന്ന ഇടത്തുംകണ്ടിത്താഴ പാറാട്ടുപാറ റോഡിന്റെ ശോച്യാവസ്ഥ പരിഹാരമില്ലാതെ തുടരുന്നു. കൂത്താളി ഗ്രാമ പ്പഞ്ചായത്തിലെ 13-ാം വാർഡിലെ റോഡാണ് പൂർണമായി ടാറിങ്‌ നടത്താത്തതിനാൽ മഴക്കാലത്ത് ഏറെക്കാലമായി യാത്ര ദുരിതമയമാകുന്നത്.

പേരാമ്പ്ര പഞ്ചായത്തിലെ പാറാട്ടുപാറ ഭാഗവുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. 30 വർഷത്തോളമായുള്ള പാത പല കാലയളവിലായി ഇരുഭാഗത്തും കുറേദൂരം കോൺക്രീറ്റ് നടത്തിയിട്ടുണ്ട്. ഇതിനിടയിലുള്ള അരകിലോമീറ്ററോളം വരുന്ന ഭാഗമാണ് ഇനിയും ടാറിങ്‌ നടത്താൻ ബാക്കിനിൽക്കുന്നത്. എല്ലാ മഴക്കാലത്തും പാത ചളിക്കുളമായി കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും യാത്രചെയ്യാൻ പറ്റാത്ത സ്ഥിതിയിലാകും.

ഇടത്തുംകണ്ടിത്താഴ ഭാഗത്തുള്ളവർക്ക് പാറാട്ടുപാറ വഴി പേരാമ്പ്രയിലേക്ക് എളുപ്പത്തിൽ പോകാനാകുന്ന പാതയാണിത്. താലൂക്ക് ആശുപത്രി, സി.കെ.ജി കോളേജ്, മൃഗാശുപത്രി, പേരാമ്പ്ര ബ്ലോക്ക് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കെല്ലാം ഇതുവഴി പ്രദേശവാസികൾക്ക് വേഗത്തിലെത്താം. പൈതോത്ത് ഭാഗത്തുള്ളവർക്കും പേരാമ്പ്രടൗണിലെ തിരക്കിൽപ്പെടാതെ കല്ലോട് മേഖലയിലേക്ക് ഇതുവഴിയെത്താനാകും.

പ്രദേശവാസികൾ ഫണ്ട് ശേഖരിച്ച് നേരത്തെ റോഡ് മണ്ണിട്ട് ഉയർത്തിയതാണ്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡിന്റെ തുടക്കഭാഗം വശം കെട്ടുകയും 60 മീറ്റർ കോൺക്രീറ്റ് ചെയ്യുകയും ചെയ്തതാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിലെ 120 മീറ്റർ ഭാഗത്തെ കോൺക്രീറ്റ് പ്രവൃത്തി ഇപ്പോൾ നടക്കുന്നുണ്ട്. ശേഷിച്ചഭാഗം കൂടി ടാറിങ്‌ നടത്താനുള്ള നടപടിയുണ്ടായാലേ യാത്ര സുഗമമാകൂ. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ എം.എൽ.എക്കും പഞ്ചായത്തിലും നിവേദനം നൽകിയിട്ടുണ്ട്.