മഴ നനയാതെ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല; ബസ് കാത്തിരുപ്പ് കേന്ദ്രമില്ലാത്തതോടെ ദുരിതത്തിലായി കടിയങ്ങാട് പാലം നിവാസികള്‍


പേരാമ്പ്ര : ഷീറ്റുകൊണ്ട് താത്‌കാലികമായി കെട്ടിയുണ്ടാക്കിയ രണ്ട് ഷെഡുകളും തകർന്നതോടെ കടിയങ്ങാട് പാലം ബസ് സ്റ്റോപ്പിൽ മഴ നനഞ്ഞുകൊണ്ട് ബസ് കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. കോഴിക്കോട്- കുറ്റ്യാടി സംസ്ഥാന പാതയിൽ ഏറെ തിരക്കേറിയ റൂട്ടാണെങ്കിലും നല്ലൊരു ബസ് സ്റ്റോപ്പ് ഇവിടെയില്ല. നാല് വർഷമായി തുടരുന്ന ദുരിതത്തിന് എന്ന് അവസാനമാകുമെന്ന് യാത്രക്കാർ ചോദിക്കുന്നു.

കടിയങ്ങാട് പാലം പുതുക്കിപ്പണിതതോടെ നേരത്തേ ബസ് പോയിരുന്ന വഴിക്ക് മാറ്റം വന്നു. ആ വഴിയിലായിരുന്നു ഒരു ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നത്. ബസ് നിർത്താൻ തുടങ്ങിയ പുതിയ സ്ഥലത്താകട്ടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചതുമില്ല. പാലത്തിന്റെ ഏത് ഭാഗത്താണ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കേണ്ടതെന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായവും അന്ന് ഉയർന്നിരുന്നു. ഇത് കാര്യങ്ങൾ അനശ്ചിതത്വത്തിലാക്കി.

സ്ഥലവാസിയായ പുനത്തിൽ ജവാൻ അബ്ദുള്ള കുടുംബത്തിന്റെ പേരിൽ ബസ് സ്റ്റോപ്പ് നിർമിച്ച് നൽകാമെന്ന് അറിയിച്ച് ചങ്ങരോത്ത് പഞ്ചായത്തിനും പി.ഡബ്ല്യു.ഡി. അധികൃതർക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ പഞ്ചായത്തിൽനിന്ന്‌ പൊതുമരാമത്ത് വകുപ്പിന് ഇതുസംബന്ധിച്ച കത്ത് നൽകാത്തതിനാൽ തുടർ നടപടിയുണ്ടായില്ല.

ഇതിനെതിരേ പ്രതിഷേധ സമരവും പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്നിരുന്നു. ഇപ്പോൾ കോവിഡ് കാലത്ത് ആവശ്യത്തിന് പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ ഏറെ സമയം വാഹനങ്ങൾക്കായി കാത്തുനിൽക്കേണ്ടിവരുന്ന സമയമാണ്. ഇരിക്കാൻ സൗകര്യമുള്ള ബസ് സ്റ്റോപ്പില്ലാത്തത് അവർക്കെല്ലാം ദുരിതമാവുകയാണ്.