മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ ഓര്‍മയായിട്ട് അരനൂറ്റാണ്ട്, നീലക്കുയിലിന്റെ പാട്ട് ഇന്നുമിങ്ങനെ രാത്രികളെ അനശ്വരമാക്കുന്നു


ശക്തമായ കഥാപാത്രങ്ങളെ മലയാള സിനിമലോകത്തിന് സമ്മാനിച്ച അനശ്വര നടന്‍. ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രം നീലക്കുയിലിലെ നായകന്‍. അഭിനയിക്കുമ്പോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച നടന്‍. അത്രത്തോളം സിനിമയെ പ്രണയിച്ച നടന്‍. ധൈര്യവും, ചങ്കൂറ്റവുമായിരുന്നു സത്യന്റെ കൈമുതല്‍. സ്‌കൂള്‍ അധ്യാപകന്‍, പട്ടാളക്കാരന്‍, വക്കീല്‍ ഗുമസ്തന്‍, നാടക നടന്‍ പിന്നെ ഒടുവില്‍ സിനിമനടനും. ഇങ്ങനെ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി റോളുകള്‍ ചെയ്തു സത്യനേശന്‍ എന്ന സത്യന്‍.

1912 ല്‍ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തില്‍ മാനുവേലിന്റെയും, ലില്ലിയുടെയും മകനായി ജനനം. 39 ആം വയസ്സിലാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. ആദ്യ ചിത്രം ത്യാഗസീമ വെളിച്ചം കണ്ടില്ല. ആത്മസഖിയാണ് സത്യന്റെ റിലീസായ ആദ്യ ചിത്രം. നീലക്കുയിലിലെ ശ്രീധരന്‍ നായര്‍ എന്ന കഥാപാത്രത്തിലൂടെയാണ് സത്യന്റെ ശുക്രന്‍ വെള്ളിത്തിരയില്‍ തിളങ്ങുന്നത്. പിന്നീടങ്ങോട്ട് വ്യത്യസമായ കുറെ കഥാപാത്രങ്ങള്‍ സത്യനെത്തേടിയെത്തി. ചെമ്മിനിലെ പളനി, കടല്‍പ്പാലത്തിലെ ഡബിള്‍ റോള്‍, മുടിയനായ പുത്രനിലെ രാജന്‍, ഇതെല്ലാം സത്യന്‍ എന്ന മഹാനടനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചു. ഏകദേശം നൂറ്റമ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

കടല്‍പ്പാലത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. പുസ്തകത്താളുകളിലെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ തിളങ്ങിയത് സത്യനിലൂടെയായിരുന്നു. എം.ടിയുടെ കുട്ട്യേടത്തി, മലയാറ്റൂരിന്റെ യക്ഷി, പി.കേശവദേവിന്റെ ഓടയില്‍ നിന്ന് എന്നിവ അവയിലെ ചിലതുമാത്രമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സ്വാഭാവിക അഭിനയ ശൈലി സ്വീകരിച്ച ആദ്യകാല നടന്മാരിലൊരാളാണ് സത്യന്‍. പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്നും പഠനവിഷയമാണ് സത്യന്റെ അഭിനയരീതി.

അദ്ദേഹം വിടവാങ്ങിയിട്ട് ദശാബ്ദങ്ങള്‍ കടന്നുപോയെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ അനശ്വരനായി ഇന്നും ജീവിക്കുന്നു.150 ല്‍ പരം സിനിമയിയിലൂടെ സത്യന്‍ നിരവധി റോളുകള്‍ ചെയ്തു.അഭിനയമികവും ശൈലിയും സ്വഭാവികമായ അഭിനയം കൊണ്ടും തന്റെ കാലഘട്ടത്തില്‍ വളരെ ശ്രദ്ധേയനാകുവാന്‍ സത്യന് കഴിഞ്ഞു.