മലബാര്‍ ദേവസ്വംബോര്‍ഡ് ഏകീകൃത ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം; ബാധകമാകുക 1400 ക്ഷേത്രങ്ങള്‍ക്ക്


കോഴിക്കോട്: ഗ്രേഡ് വിവേചനമില്ലാതെയും എച്ച് ആര്‍ ആന്റ് സിഇ നിയമങ്ങള്‍ പിന്തുടരാതെയും മലബാര്‍ ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമാക്കാനുള്ള ഏകീകൃത ബില്‍ സഭയില്‍ പാസാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1400ഓളം ക്ഷേത്രങ്ങള്‍ക്കാണ് ഇത് ബാധകമാകുക. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം മാതൃകയില്‍ ക്ഷേത്ര നടത്തിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

മലബാറിലെ ക്ഷേത്രങ്ങള്‍ക്കു മാത്രമായി പ്രത്യേക ദേവസ്വം നിയമം തന്നെ വേണമെന്ന ആവശ്യം നിരന്തരമായി ഉയര്‍ന്നിരുന്നു. നിയമരൂപരേഖയും ക്ഷേത്രങ്ങളുടെ പരിപാലനവും ജീവനക്കാരുടെ സേവനവേതന വ്യവസ്ഥയും പരിഷ്‌കരിക്കാനായി ഏറ്റവും ഒടുവില്‍ രൂപീകരിച്ച കെ. ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കിയിട്ട് മൂന്ന് വര്‍ഷമായി.

മധ്യകേരളത്തിലും ഉത്തരകേരളത്തിലുമായി കിടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണസംബന്ധമായ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഒരു സ്ഥാപനം ആണ് മലബാര്‍ ദേവസ്വം ബോര്‍ഡ്. മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് 2008ല്‍ ഭേദഗതി വരുത്തിയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. അതിനുമുമ്പ്, ഈ ക്ഷേത്രങ്ങള്‍ ഹിന്ദു മത ധര്‍മ്മസംസ്ഥാപന വകുപ്പ് (എച്ച്.ആര്‍ ആന്റ് സി.ഇ. – ഹിന്ദു റിലീജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്‌മെന്റ്) വകുപ്പിന്റെ കീഴിലായിരുന്നു. കോഴിക്കോട് നഗരത്തിലാണ് ബോര്‍ഡിന്റെ ആസ്ഥാനം.

2017 നവംബറിലാണ് കെ ഗോപാലകൃഷ്ണന്‍ കമ്മീഷന്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കിയത്. അന്നുമുതല്‍ അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും എന്ന് പ്രഖ്യാപിക്കാന്‍ തുടങ്ങിയതാണ്. എന്നാല്‍ ഇത് നീണ്ടുപോകുകയായിരുന്നു. ബില്‍ അവതരിപ്പിക്കാന്‍ വൈകുന്നതിനെക്കുറിച്ച് ദേവസ്വം ജീവനക്കാരുടെ, സിഐടിയു നേതൃത്വം നല്‍കുന്ന സംഘടനയ്ക്കുളളിലും അമര്‍ഷവും അസ്വസ്ഥതയും രൂക്ഷമാണ്.

മലബാറിലെ ക്ഷേത്രങ്ങള്‍ക്കെല്ലാം കൂടി 31,122 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ 24,693 ഏക്കര്‍ ഭൂമി പലരും കയ്യേറിയിരിക്കുകയാണ്. പുതിയ ദേവസ്വം നിയമം വരുന്നതോടെ ഇങ്ങനെ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനാവും. ക്ഷേത്രങ്ങളുടെ ഭൂമി കയ്യടക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ചില വലിയ ക്ഷേത്രഭരണസമിതികളെയും ഭയന്നാണ് ബില്‍ അവതരണം നീളുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.