മലപ്പുറം വളാഞ്ചേരിയില്‍ ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു


മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച് 10 മുതല്‍ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.

മാര്‍ച്ച് 10 ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സുബിറ. വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബന്ധുവിന്റെ വീട്ടിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടും ഉണ്ട്. വളാഞ്ചരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 20 ദിവസം പിന്നിട്ടിട്ടും പൊലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. സുബിറ ഫര്‍ഹത്തിന്റെ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.