മലപ്പുറം ജില്ലയിലെ പ്രാണവായു പദ്ധതി വിവാദത്തില്‍; പദ്ധതിയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍
മലപ്പുറം:മലപ്പുറം ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച പ്രാണവായു പദ്ധതി വിവാദത്തില്‍. പദ്ധതിയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ജില്ലയിലെ യുഡിഎഫ് എംഎല്‍എമാര്‍ പറയുന്നു. ജനങ്ങളില്‍ നിന്നും സംഭാവന പിരിച്ചെടുത്ത് മാത്രമുള്ള വികസനം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് അടിസ്ഥാന സൗകര്യവികസനം നടപ്പാക്കലെന്നുമാണ് വിമര്‍ശനം.
സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവന സ്വീകരിച്ച് 20 കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലയിലെ ആശുപത്രികളില്‍ സജ്ജീകരിക്കുന്നതാണ് ജില്ലാ ഭരണകൂടം തുടക്കമിട്ട പ്രാണവായു പദ്ധതിയുടെ ലക്ഷ്യം, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, തുടങ്ങി വിവിധ മേഖലകളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പണം കണ്ടെത്തുക. അടിസ്ഥാന സൗകര്യവികസനം എപ്പോഴും പിരിവെടുത്ത് നടപ്പിലാക്കുന്നത് ആകരുതെന്നാണ് ഉയരുന്ന പരാതി. പദ്ധതിയെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നാണ് യുഡിഎഫ് എംഎല്‍എ മാരുടെ പ്രതികരണം.
ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്നും സ്ഥിരമായി ഫണ്ട് സമാഹരിക്കുന്നതിന് എതിരെയാണ് ആക്ഷേപം ഉയരുന്നത്. മറ്റു ജില്ലകളിലില്ലാത്ത കീഴ്‌വഴക്കം മലപ്പുറം ജില്ലയില്‍ മാത്രം നടപ്പാക്കുകയാണെന്നാണ് വിമര്‍ശനം. സാമൂഹ മാധ്യമങ്ങളിലും പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.