മഞ്ഞ് പുതച്ച മലനിരകള്‍, വെള്ളച്ചാട്ടം ഒപ്പം ഓറഞ്ച് തോട്ടങ്ങളും; പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയുടെ വിശേഷങ്ങള്‍


പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക് യാത്രികരെ കൂട്ടികൊണ്ട് പോവുന്ന നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിയാമ്പതിയെ ഊട്ടിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ട് സ്ഥലങ്ങളും സമ്മാനിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്. എന്നാലും കേരളത്തിലെ ഊട്ടി എന്ന വിശേഷണം നെല്ലിയാമ്പതിക്കുണ്ട്. കോടമഞ്ഞും മലനിരകളും തേയിലകൃഷിയുമൊക്കെ കാണുമ്പോള്‍ ചിലപ്പോള്‍ ഊട്ടിയെ ഓര്‍ക്കുന്നതുകൊണ്ടായിരിക്കാം അങ്ങനെ ഒരു വിശേഷണം.

പാലക്കാട് ജില്ലയിലെ നെന്മാറ ടൗണില്‍ നിന്ന് മേഘങ്ങള്‍ ഓമനിക്കുന്ന നെല്ലിയാമ്പതി മലനിരകള്‍ ആരേയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് നെല്ലിയാമ്പതി മലനിരകളുടെ ഈ കാഴ്ച തന്നെ കുളിര്‍മ്മയേകും. സമുദ്ര നിരപ്പില്‍ നിന്ന് 467 മുതല്‍ 1572 വരെ മീറ്റര്‍ ഉയരത്തിലാണ് ഈ മലകള്‍.

നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്. നെല്ലിയാമ്പതി മലനിരകളിലേക്കുള്ള യാത്രയുടെ ത്രില്‍ നെന്മാറ ടൗണ്‍ വിടുമ്പോള്‍ തന്നെ ലഭിച്ചു തുടങ്ങും. വഴിയരികിലെ ഏലത്തോട്ടവും തേയില തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കണ്ട് ഒരു യാത്ര. ഓറഞ്ച് കൃഷിയാണ് മറ്റൊരു ആകര്‍ഷണം. പല സ്ഥലങ്ങളിലും ഓറഞ്ച് തോട്ടങ്ങള്‍ കാണാം.

 

പത്ത് ഹെയര്‍പിന്‍ വളവുകള്‍ തിരിഞ്ഞ് വേണം മുകളിലെത്താന്‍. നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ പലയിടത്തും താഴ്വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്. പാലക്കാട് ജില്ലയുടെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ നിന്ന് കാണാം. അങ്ങു ദൂരെ നെല്‍പാടങ്ങള്‍ കണ്ടാല്‍ പച്ചപട്ടുവിരിച്ചിട്ടപോലെ തോന്നും. ക്യാമറ കണ്ണിനു ഇവിടം ഏറെ പ്രിയങ്കരമാകുമെന്നതിൽ സംശയമില്ലപാലക്കാട് ജില്ലയുടെ പല സ്ഥലങ്ങളും ഇവിടെ നിന്നാല്‍ കാണാം. പാലക്കാട് ചുരവും കാണാനാകും.

മലമുകളിലേക്കുള്ള യാത്രയ്ക്കിടെ ജൈവകൃഷിരീതി അവലംബിച്ചിട്ടുള്ള തോട്ടങ്ങള്‍ കാണാം. സ്വകാര്യ കമ്പനികള്‍ നടത്തുന്ന തേയിലത്തോട്ടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. കേരളത്തില്‍ ഓറഞ്ച് കൃഷിയുള്ള പ്രദേശമെന്ന ഖ്യാതിയും നെല്ലിയാമ്പതിക്കുണ്ട്. എസ്റ്റേറ്റിലെത്തുന്നതിനു മുന്‍പാണ് ജൈവകൃഷി ഫാമുകള്‍ കാണാനാവുക.നെല്ലിയാമ്പതിയില്‍ താമസിക്കാന്‍ സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. ഏറ്റവും മുകളില്‍ പലകപാണ്ടി എസ്റ്റേറ്റില്‍ ബ്രിട്ടീഷ് കാലത്തു പണികഴിപ്പിച്ച ഒരു ബംഗ്ലാവുണ്ട്. ഇന്ന് ഇത് ഒരു സ്വകാര്യ റിസോര്‍ട്ടാണ്.

നെല്ലി ദേവതയുടെ ഊര് എന്നാണ് നെല്ലിയാമ്പതിയുടെ അര്‍ത്ഥം.കേരളത്തിലെ ആദിമനിവാസികള്‍ തങ്ങളുടെ ദൈവങ്ങള്‍ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്. ഇതില്‍ തന്നെ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തില്‍ നെല്ലിമരത്തില്‍ ആസ്ഥാനമാക്കിയ ദേവതയുടെ പേരില്‍ നിന്നാണ് നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. (പതി എന്നാല്‍ ഊര് എന്നര്‍ത്ഥം. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നുണ്ട്).

നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ ഒരു കമ്യൂണിറ്റി ഹാളുണ്ട്. ട്രെക്കിംഗ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ കൈകാട്ടിയിലാണ് എത്തേണ്ടത്. കൈകാട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇത് നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തുന്നവരുടെ ഇഷ്ട ലൊക്കേഷനാണ്. നെല്ലിയാമ്പതിയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോത്തുണ്ടിയിലെത്താം. പാടിപ്പുഴയ്ക്കും മീന്‍ചാടിപ്പുഴയ്ക്കും കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഡാമാണിത്. കൃഷിയുടെ ആവശ്യത്തിനായി പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനും ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നു. ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയാവശ്യങ്ങള്‍ക്ക് പോത്തുണ്ടി ഡാമിനെ ആശ്രയിക്കുന്നു. ബോട്ടിംഗ് ആസ്വദിക്കണമെന്നുള്ളവര്‍ക്ക് ഇവിടെ അതിനുള്ള സൗകര്യമുണ്ട്. കുടുംബവുമൊത്ത് വരുന്ന സഞ്ചാരികള്‍ക്ക് പോത്തുണ്ടി ഡാമിന്റെ സൗന്ദര്യം ആസ്വദിച്ച് ഒരു ബോട്ടിംഗ് നടത്താം.

ഇവിടെ നിന്ന് 17 റോഡ് കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയര്‍പിന്‍ വളവുകള്‍ ഈ വഴിയില്‍ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോള്‍ കാണുന്ന സര്‍ക്കാര്‍ വനങ്ങളില്‍ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. മഴക്കാലത്ത് ഈ വഴിയില്‍ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം. ഉയരത്തില്‍ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമാണ്.

നെല്ലിയാമ്പതിയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന സ്ഥമാണ് സീതാര്‍കുണ്ട്. ഇവിടത്തെ വെള്ളച്ചാട്ടവും വ്യൂപോയിന്റുമാണ് പ്രധാന ആകര്‍ഷകങ്ങള്‍. നൂറു മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണേണ്ട കാഴ്ച്ചയാണ്. അതിന് പുറമെ ഇവിടുത്തെ വ്യൂ പോയിന്റില്‍ നിന്ന് നോക്കിയാല്‍ ചുള്ളിയാര്‍, മീങ്കര അണക്കെട്ടുകള്‍ കാണാം. പാലക്കാട് ജില്ലയുടെ മറ്റ് ചില ഭാഗങ്ങളും കാണാനാകും. രാമായണ കഥയുമായി സീതാര്‍കുണ്ടിന് ബന്ധമുണ്ട്. രാമായണത്തിലെ രാമനും സീതയും ഇവിടെ ജീവിച്ചിരുന്നു എന്നാണ് ഐതിഹ്യം. സീത ഇവിടെ കുളിച്ച് അരുവിയിലെ വെള്ളം കൊണ്ട് തര്‍പ്പണം നടത്തിയിരുന്നതിനാലാണ് സീതാര്‍കുണ്ട് എന്ന പേര് വന്നതെന്നാണ് വിശ്വാസം. ഇവിടെ നില്‍ക്കുമ്പോള്‍ കാപ്പിയുടെ മണം മൂക്കിലടിച്ചു കയറും. സമീപപ്രദേശങ്ങളില്‍ ധാരാളം കാപ്പിത്തോട്ടങ്ങളാണുള്ളത്.

പലകപ്പാണ്ടിയില്‍ നിന്ന് മാമ്പാറ വരെ ജീപ്പിലോ, നടന്നോ സന്ദര്‍ശകര്‍ക്കു പ്രകൃതി ഭംഗി ആസ്വദിക്കാം. ഈ പ്രദേശത്തെല്ലാം തേയില, ഏലം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളാണ്. കാട്ടുകാലി, ആനകള്‍, പുലി, കാട്ടണ്ണാന്‍ തുടങ്ങിയ വന്യമൃഗജീവികളെ ധാരാളമായി കാണുന്ന നെല്ലിയാമ്പതിയും സമീപപ്രദേശങ്ങളും പക്ഷിനിരീക്ഷകര്‍ക്കും പ്രിയങ്കരം തന്നെ. മലമ്പ്രദേശങ്ങളില്‍ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാര്‍ഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളില്‍ കൊണ്ടുവരുന്നു.