മരുതേരിയില്‍ വിവിധയിടങ്ങളില്‍ നെറ്റ്‌വര്‍ക്കില്ല; കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍


പേരാമ്പ്ര: പേരാമ്പ്ര മരുതേരിയുടെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ടവര്‍ നെറ്റ് വര്‍ക്ക് ശരിയായി ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍. ഈ മഴക്കാലത്തൊക്കെ റെയ്ഞ്ചുള്ള സ്ഥലം നോക്കി കുട്ടികളെയും കൊണ്ട് നെട്ടോട്ടമോടുകയാണ് പല രക്ഷിതാക്കളും. ഒന്ന് കോള്‍ ചെയ്യണമെങ്കില്‍ പോലും വീടിന് പുറത്തിറങ്ങേണ്ട അവസ്ഥയാണുള്ളത്. വിഷയം ചൂണ്ടിക്കാട്ടി വിവിധ പത്രങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും പ്രശ്‌നത്തിന് ഇതുവരേയും പരിഹാരമായിട്ടില്ല.

ഊടുവഴി, മഠത്തില്‍പൊയില്‍ മുക്ക്, തൂപ്പറ താഴെ, കായണ്ണ പള്ളി ഭാഗം, പാലക്കാം പൊയില്‍ മീത്തല്‍ ഭാഗം തുടങ്ങിയവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. സമീപപ്രദേശങ്ങളിലുള്ള സഹപാഠിക്ക് പഠിക്കാന്‍ അവസരം ലഭിക്കുകയും തങ്ങള്‍ക്കത് സാധിക്കാതിരിക്കുകയും ചെയ്യുന്നത് പല കുട്ടികളെയും പ്രയാസത്തിലാക്കുന്നുണ്ട്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ ഇന്നലെ പറഞ്ഞിരിക്കുന്നത്. ഈ നാട്ടുകാരുടെ കാര്യം കൂടി അധികൃതര്‍ പരിഗണിക്കണമെന്നാണ് അപേക്ഷ.

ഓണ്‍ലൈനില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഈ മേഖലയിലെ അധ്യാപകരെയും ഇത് പ്രയാസത്തിലാക്കുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം എന്ന പരിപാടിയേ ഈ ഭാഗത്ത് നടക്കാത്ത സ്ഥിതിയാണ്. കൊവിഡ് വാക്്‌സീനേഷന്‍ ബുക്കിംഗ് എന്നിവക്കും ആളുകള്‍ പ്രയാസപ്പെടുന്നു.

മൊബൈല്‍ കമ്പനി അധികൃതരോട് പലവട്ടം പരാതി പറഞ്ഞിട്ടും പൈസ പിഴിഞ്ഞുഊറ്റിക്കൊണ്ടുപോകുക എന്നതിലല്ലാതെ മറ്റൊരു കാര്യത്തിലും അവര്‍ക്ക് താല്‍പര്യമില്ല. മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ പ്രദേശവാസികളില്‍ ചിലര്‍ നീക്കം നടത്തിയെങ്കിലും ഏങ്ങുമെത്തിയിട്ടില്ല. വീടുകളിലെ ബി എസ് എന്‍ എല്‍ വൈഫൈ കണക്ഷന്‍ ആണ് പല വിദ്യാര്‍ഥികളുടെയും ആശ്രയം. ഇത് സ്ഥാപിക്കാന്‍ ചെലവ് കൂടുതലാണ.് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതും ലഭ്യമല്ല. നെറ്റ്്വര്‍ക്ക് ലഭിക്കുന്ന സമീപത്തെ ബന്ധുവീടുകളിലേക്ക് മാറിയാണ് കഴിഞ്ഞ വര്‍ഷം പല വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനം നടത്തിയത്.