മരിയ മാലാഖയായി, മിശിഹ കപ്പുയർത്തി; ആഘോഷത്തിമിർപ്പിൽ അർജന്റീന, വീഡിയോ കാണാം


മാരക്കാന: ഫുട്‌ബോളിന്‍റെ വാഗ്‌ദത്തഭൂമിയില്‍ കിരീടക്കസേരയിലേക്ക് മിശിഹായുടെ സ്ഥാനാരോഹണം. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിക്കിളികളെ നിശബ്‌ദരാക്കി ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി. ആദ്യപകുതിയില്‍ എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം ഇതാദ്യമായണ് അര്‍ജന്‍റീന ഒരു പ്രധാന കിരീടം നേടുന്നത്.

22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ ഗോൾ നേടിയത്. റോഡ്രിഡോ ഡി പോൾ നീട്ടിനൽകിയ ഒരു പാസിൽ നിന്നായിരുന്നു ഏയ്ഞ്ചൽ ഡി മരിയയുടെ ഗോൾ. പന്ത് തടയുന്നതിൽ ബ്രസീൽ ഡിഫൻഡർ റെനൻ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീൽ ഗോൾകീപ്പർ എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കൻ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്.

ആദ്യ പകുതിയിൽ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാൻ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റിൽ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് മാർക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

രണ്ടാം പകുതിയിൽ ഫ്രെഡിനെ പിൻവലിച്ച് റോബർട്ടോ ഫിർമിനോയെ കളത്തിലിറക്കിയതോടെ ബ്രസീൽ ആക്രമണങ്ങൾക്ക് ജീവൻ വെച്ചു. 52-ാം മിനിറ്റിൽ റിച്ചാർലിസൺ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. 54-ാം മിനിറ്റിൽ റിച്ചാർലിസന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി. 87-ാം മിനിറ്റിൽ ഗബ്രിയേൽ ബാർബോസയുടെ ഗോളെന്നുറച്ച വോളിയും എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി.