മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി ‘ചെ’; ഏണസ്റ്റോ ചെ ഗുവേര ഓര്‍മയായിട്ട് ഇന്നേക്ക് അന്‍പത്തിനാല് വര്‍ഷം


സാമ്രാജ്യത്തത്തിനെതിരെയുള്ള ഐതിഹാസിക സായുധ സമരത്തിനിടയിൽ പിടിക്കപ്പെടുകയും പിന്നീട് തടവറയിൽ വച്ച് വെടിയേറ്റ് മരണപ്പെടുകയും ചെയ്ത വിശ്വവിഖ്യാതനായ വിപ്ലവകാരി ജ്വല്ലിക്കുന്ന ഓർമയായി മാറിയിട്ട് അൻപത്തിനാല് ആണ്ട് പൂർത്തിയാവുന്നു. എന്നാൽ മരണത്തിനിപ്പുറം ഇത്രകാലം കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള പോരാളികൾക്ക് ആശയും ആവേശവുമാണ് ഏണസ്റ്റോ ചെ ഗുവേര

മരണത്തിനിപ്പുറവും ലോകത്തിന്റെ വിപ്ലവസൂര്യനായി എണസ്റ്റോ ജ്വലിച്ചു നിൽക്കുന്നു. ലാറ്റിനമേരിക്കയിൽ നിന്നും എത്രയോ കാതമകലെ സ്ഥിതി ചെയ്യുന്ന കേരളമെന്ന ഈ കൊച്ചുദേശം ചെയെ ഒരു വികാരം പോലെ നെഞ്ചേറ്റിയവരുടെ കൂടി നാടാണ്. സത്യത്തിൽ കേരളം ഇത്രയധികം തങ്ങളോടു ചേർത്തുനിർത്തിയ മറ്റൊരു വിപ്ലവകാരിയില്ല.

വിപ്ലവ ശ്രമങ്ങൾക്കിടെ ബൊളീവിയയിൽ വെച്ച് 1967 ഒക്ടോബർ 7ന്, ഒരു ഒറ്റുകാരനാൽ നയിക്കപ്പെട്ടു ചെയുടെ ഒളിത്താവളം വളഞ്ഞത് 1800 ഓളം വരുന്ന സി.ഐ.എ പട്ടാളക്കാരായിരുന്നു.
ചളിയിൽ പുതഞ്ഞു, വലതു കാൽവെണ്ണയിൽ വെടിയേറ്റ മുറിവ്, പൊടികൊണ്ട്മൂടിയ മുടി കട്ടപിടിച്ചിരുന്നു, കീറിപറിഞ്ഞ വസ്ത്രങ്ങൾ, ഒരു പഴയ പാദരക്ഷ.

ഇനി ഒരു ചെഗുവേര ഉണ്ടാകുമോ എന്നറിയില്ല. അത്രയ്ക്ക് ഉജ്ജ്വലമായിരുന്നു ആ ജീവിതം.
ആ ജീവിതത്തെയും പോരാട്ടത്തെയും നമുക്ക് ഉയർത്തിപ്പിടിക്കാം.

ക്യൂബയിലെ വ്യവസായ മന്ത്രി, ധനകാര്യ മന്ത്രി, ദേശീയ ബാങ്കിന്റെ പ്രസിഡന്റ്.
ഇതൊക്കെ ഇട്ടെറിഞ്ഞു കാട് കയറിയ ചെയെ ചിലർ,
ഭാവിയിൽ ഒരു വിഡ്ഢിയായി വിശേഷിപ്പിച്ചേക്കാം.

1965 ഫെബ്രുവരി 24 നു അൾജീരിയയിൽ നടന്ന ആഫ്രോ ഏഷ്യൻ സമ്മേളനത്തിൽ പങ്കെടുത്തത്തിനു ശേഷം ഏവരേയും അന്പരപ്പെടുത്തി സഖാവ് ചെ രാജ്യത്തു നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. എല്ലാ പദവികളും രാജിവച്ചു, ഇതോടൊപ്പം ക്യൂബൻ വിപ്ലവത്തിന്റെ ഭാഗമായി ലഭിച്ച ക്യൂബൻ പൗരൻ എന്ന പദവിയും ഉപേക്ഷിച്ചു. ആഗോള പൗരന് എന്തിനാണ് പൗരത്വം? അത്രയ്ക്ക് ഉന്നതമായിരുന്നു ആ ചിന്ത.

വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് “നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു

“ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്.”

തന്നെ കൊല്ലാൻ വന്ന പട്ടാളക്കാരനോട് ചെ പറഞ്ഞു
“എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്.”
അയാൾ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. പട്ടാളക്കാരൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം.

കൊല്ലപ്പെടുന്നതിനു മിനുട്ടുകൾക്കു മുൻപും അദ്ദേഹം ചിന്തിച്ചത് വിപ്ലവത്തിന്റെ അനശ്വരതയെക്കുറിച്ചാണ്. താൻ മരിച്ചാലും അനീതിക്കെതിരെ പൊരുതാൻ, മാറ്റത്തിനായി യത്നിക്കാൻ അനേകം പേരുണ്ടാകുമെന്ന വിശ്വാസത്തോടെ. ഓരോ ദിവസവും ഞങ്ങൾ ചെയെപ്പോലെയാവും എന്ന് പ്രതിജ്ഞയെടുക്കുന്ന അനേകരിലൂടെ, അനീതിക്കെതിരെ പോരാടുന്ന ലോകമെമ്പാടുമുള്ള പോരാളികളിലൂടെ ചെയെന്ന പ്രതിഭാസം ഇന്നും ജീവിക്കുന്നു.