മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


പാനൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് സൂചന. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മരണകാരണം ഇടതുകാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോംബേറില്‍ മന്‍സൂറിന്റെ കാല് ചിതറി പോയെന്നും തുടര്‍ന്നുണ്ടായ മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കാലിന്റെ മുട്ടിന് താഴേക്ക് പൂര്‍ണമായും ചിതറിപ്പോയിരുന്നു.

മന്‍സൂറിന്റെ സഹോദരനായ മൊഹ്സിനെ അക്രമിക്കാനാണ് അക്രമകാരികള്‍ എത്തിയത്. ആ സമയത്ത് മന്‍സൂര്‍ ഇടപെട്ടു. തുടര്‍ന്ന് മുന്‍സൂറിനെയും അക്രമിച്ചു. ഇതിന് പിന്നാലെ അക്രമകാരികള്‍ ബോംബെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ മന്‍സൂറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നു. മൊഹ്സിന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.