മന്ത്രിയുടെ ഇടപെടല്‍; പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധം അവസാനിച്ചു


പേരാമ്പ്ര: വന്യമൃഗ ശല്യത്തിനെതിരെ വിഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധം താത്കാലികമായി അവസാനിപ്പിച്ചു. കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കോഴിക്കോട് ഡി എഫ് ഒ യേയും സമരത്തിന് നേതൃത്വം നല്‍കിയ വി. ഫാം ചെയര്‍മാന്‍ ജോയി കണ്ണന്‍ചിറയേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജൂലൈ 12 ന് പെരുവണ്ണാമൂഴിയില്‍ വന്ന് കര്‍ഷകരുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഡി എഫ് ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധ സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ വിഫാം കര്‍ഷക സംഘടന തീരുമാനിച്ചത്.

പെരുവണ്ണാമൂഴി വട്ടക്കയം സ്വദേശിയും വി.ഫാം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബാബു പൈകയും കുടുംബവും വീഫാം സംഘടനയുടെ ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ, ഭാരവാഹി സണ്ണി കൊമ്മറ്റം എന്നിവരും ചേര്‍ന്നാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുന്നില്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. ബാബു പൈകയുടെ കൃഷിയിടത്തില്‍ ഇന്നലെ രാത്രി ആന ഇറങ്ങി വ്യാപക കൃഷി നാശിപ്പിച്ചിരുന്നു. പ്രധാന വരുമാന മാര്‍ഗം കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്നാണ് സമരം നടത്താന്‍ സംഘടന തയ്യാറായത്. ബാബുവുിനൊപ്പം ഭാര്യ ജസിയും സമരത്തില്‍ പങ്കാളിയായി.

കഴിഞ്ഞ കുറേ ദിവസങ്ങളായി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കാട്ടാനകളും കാട്ടുപന്നികളുമാണ് പ്രദേശത്തെ കൃഷികള്‍ നശിപ്പിക്കുന്നത്. കാട്ടുമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. കഴിഞ്ഞ ദിവസം കൂത്താളി ജില്ലാ കൃഷി ഫാമിലെ തെങ്ങുകള്‍ കാട്ടാനകൂട്ടം നശിപ്പിച്ചിരുന്നു. പൂഴിത്തോട്, ചെമ്പനോട, മുതുകാട് എന്നിവിടങ്ങളിലെ കാര്‍ഷിക വിളകളും നശിപ്പിക്കപ്പട്ടിരുന്നു. വന്യമൃഗ ശല്ല്യത്തിനെതിരെ ശാശ്വത പരിഹാരം ഉണ്ടാവാത്തപക്ഷം ശക്തമായ തുടര്‍ സമരങ്ങള്‍ക്ക് വി. ഫാം കര്‍ഷക സംഘടന നേതൃത്വം നല്‍കുമെന്ന് ജില്ല പ്രസിഡന്റ് വ്യക്തമാക്കി.