മന്ത്രി കെ ടി ജലീല്‍ രാജിവച്ചു


തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവച്ചു. ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് മന്ത്രി രാജിവച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നും ജലീല്‍ രാജിക്ക് ശേഷം പറഞ്ഞു.

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം. വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്.

ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.