‘മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ല, സാമൂഹിക വിവേചനത്തില്‍ ഏര്‍പ്പെടില്ല, പാര്‍ട്ടിയെ പൊതുവേദിയില്‍ വിമര്‍ശിക്കില്ല’; കോണ്‍ഗ്രസില്‍ അംഗമാവാനുള്ള പുതിയ നിബന്ധനകള്‍ ഇങ്ങനെ



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകാനായി ഇനി മുതല്‍ പത്ത് നിബന്ധനകള്‍ ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലം നല്‍കണം. മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കില്ല, സാമൂഹിക വിവേചനങ്ങളില്‍ ഏര്‍പ്പെടില്ല, പാര്‍ട്ടി നയങ്ങളെയും പരിപാടികളെയും പൊതുവേദിയില്‍ വിമര്‍ശിക്കില്ല, നിയമപ്രകാരം അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ സ്വത്തുവകകള്‍ കൈവശം വെച്ചിട്ടില്ല തുടങ്ങിയ നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ ഇനി കോണ്‍ഗ്രസില്‍ അംഗമാകാന്‍ കഴിയൂ.

കോണ്‍ഗ്രസിന്റെ അംഗത്വ ഫോമില്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയും. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് കോണ്‍ഗ്രസ് അംഗത്വ വിതരണം നടക്കുക.

‘ഞാന്‍ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്; ഞാന്‍ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല; ഞാന്‍ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല; ഇത്തരം വികലമായ കാര്യങ്ങള്‍ സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു; കായികാധ്വാനമുള്‍പ്പെടെ പ്രവര്‍ത്തകസമിതി ഏല്‍പ്പിക്കുന്ന ഏതു ജോലിയും ചെയ്യാന്‍ ഞാന്‍ സന്നദ്ധമാണ്’ എന്നിങ്ങനെയാണ് അംഗത്വ ഫോമിലുളള സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


നേരത്തേ കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ പാര്‍ട്ടിയെ പൊതുവേദിയിലും മാധ്യമങ്ങളിലും വിമര്‍ശിക്കുന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെയും സുധാകരന്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ ഡി.സി.സി പട്ടിക തയ്യാറാക്കിയപ്പോഴും ഗ്രൂപ്പുനേതാക്കളുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിനെ സെമി കേഡര്‍ ശൈലിയിലേയ്ക്ക് മാറ്റാനും പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ അധ്യക്ഷനെ കണ്ടെത്താനുമാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 21ന ും സെപ്റ്റംബര്‍ 30നും ഇടയില്‍ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച സമയക്രമത്തില്‍ വ്യക്തമാക്കുന്നത്.

അതേസമയം, പഞ്ചാബും ഗുജറാത്തും അടക്കുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്താനായി നേതാക്കള്‍ ചൊവ്വാഴ്ച രാവിലെ അടിയന്തര യോഗം ചേരും. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്താണ് യോഗം നടക്കുക. ജനറല്‍ സെക്രട്ടറിമാര്‍, ഇന്‍ ചാര്‍ജുമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിവയരാണ് യോഗത്തില്‍ പങ്കെടുക്കുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.