മദ്യലഹരിയില്‍ തര്‍ക്കം, കൊലപാതകം: ഒരുദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷം മൃതദേഹം റോഡരികില്‍ തള്ളി; പ്രതിയെ പൊക്കി പോലീസ്
പാറശ്ശാല: റോഡരികിൽ 43-കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ പാറശ്ശാല പോലീസ് അറസ്റ്റുചെയ്തു. വട്ടവിള സ്വദേശി തോമസിനെ കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ വട്ടവിള അശ്വതിഭവനിൽ ജോണി(51)യെയാണ് പാറശ്ശാല പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രിയിലാണ് തോമസ് ഭവനിൽ തോമസി(43)നെ മരിച്ചനിലയിൽ റോഡരികിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്. കൊലപാതകത്തിനു ശേഷം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം അടുത്ത ദിവസം രാത്രിയിലാണ് മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചത്.
കഴിഞ്ഞ 23-ന് രാത്രി ഏഴരമണിയോടെ ഭക്ഷണം വാങ്ങുന്നതിനായി വട്ടവിളയിലെത്തിയ ജോണിയും കൊല്ലപ്പെട്ട തോമസും തമ്മിൽ വാക്കേറ്റവും തുടർന്ന് ഉന്തുംതള്ളുമുണ്ടായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിരിച്ചുവിട്ടു. തുടർന്ന് ഇരുവരും ജോണിയുടെ ബൈക്കിൽ കയറി ജോണിയുടെ വീട്ടിലേക്കു പോയി.
വീട്ടിലെത്തിയ ഇരുവരും വീണ്ടും മദ്യപിക്കുകയും തുടർന്ന് വാക്കേറ്റവും സംഘർഷവുമുണ്ടാവുകയും ചെയ്തു.
സംഘർഷത്തിൽ പരിക്കേറ്റ തോമസ് അബോധാവസ്ഥയിലാവുകയും ജോണി മദ്യലഹരിയിൽ കിടന്നുറങ്ങുകയും ചെയ്തു. അടുത്ത ദിവസം ഉച്ചയ്ക്കു ശേഷം ഉണർന്ന ജോണി, തോമസിനെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് തോമസ് മരിച്ചതായി മനസ്സിലാക്കുന്നത്.
തുടർന്ന് രാത്രി വരെ കാത്തിരുന്ന ശേഷം മൃതദേഹം ജോണിയുടെ വീടിനു സമീപത്തെ വട്ടവിള കുഴിച്ചാണി പള്ളിക്കു സമീപം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോടു വെളിപ്പെടുത്തി.
ശനിയാഴ്ച നടന്ന മൃതദേഹപരിശോധനയിൽ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമായതെന്നു കണ്ടെത്തിയിരുന്നു. തുടർന്നാണ് പോലീസ് ജോണിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.
ഇരുപത്തിമൂന്നിന് വൈകീട്ട് തോമസ് വട്ടവിള ജങ്ഷനിൽനിന്ന് ജോണിയുടെ ഇരുചക്രവാഹനത്തിൽ കയറി പോയതായുളള വിവരം ലഭിച്ചിരുന്നു.
തുടർന്ന് പോലീസ് പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും ഒരുമിച്ചു സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചിരുന്നു.