‘മത്സ്യത്തൊഴിലാളികളുടെ മനസറിഞ്ഞവരാണ് ഇടതുപക്ഷം’
കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ പൂര്‍ത്തീകരിച്ചത് നാടിന് ഏറെ ഗുണം ചെയ്‌തെന്ന് പ്രദേശവാസികള്‍. കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. അതോടെ കിലോമീറ്ററുകള്‍ താണ്ടി ചോമ്പാലിലും പുതിയാപ്പയിലും കടലിലിറങ്ങേണ്ടുന്ന അവസ്ഥയില്‍ നിന്ന് കൊയിലാണ്ടി കടലോരത്തെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം ലഭിച്ചു.
1996ലാണ് കൊയിലാണ്ടി ഹാര്‍ബറിനായി എംഎല്‍എയായിരുന്ന പി വിശ്വന്‍ ചെയര്‍മാനായി ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. 1999ല്‍ ഫിഷറീസ് മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്‍ ഇടപെട്ട് 2000 ത്തിലെ ബജറ്റില്‍ ഹാര്‍ബറിനെ കുറിച്ച് പഠിക്കാന്‍ പത്തുലക്ഷം രൂപ അനുവദിച്ചു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഹാര്‍ബറിനെ അവഗണിച്ചു.
2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും തീരദേശം ഉണര്‍ന്നു.34 കോടി രൂപ അനുവദിച്ചു.
2006 ഡിസംബര്‍ 17ന് തറക്കല്ലിട്ടു. 2007 ഒക്ടോബര്‍ മൂന്നിന് പ്രവൃത്തി ആരംഭിച്ചു. രണ്ടു വര്‍ഷംകൊണ്ട് പ്രവൃത്തിയുടെ മുന്നില്‍ രണ്ടുഭാഗവും തീര്‍ത്തു. എന്നാല്‍, യുഡിഎഫ് ഭരണകാലത്ത് വീണ്ടും പ്രവൃത്തി ഇഴഞ്ഞു. തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാരും കെ ദാസന്‍ എംഎല്‍എയും നാലു വര്‍ഷക്കാലം നടത്തിയ നിരന്തര ഇടപെടലാണ് പ്രവൃത്തി പൂര്‍ത്തീകരണത്തിലേക്കെത്തിച്ചത്.
ആയിരത്തിരുന്നൂറോളം ബോട്ടുകള്‍ക്ക് നങ്കൂരമിടാം. പ്രതിവര്‍ഷം പതിനായിരം ടണ്‍ അധിക മത്സ്യ ഉല്‍പ്പാദനം നടക്കും. പ്രതികൂല കാലാവസ്ഥയിലും മത്സ്യബന്ധനം നടക്കുമെന്നതിനാല്‍ വര്‍ഷം 50 അധിക ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കും. 63.78 കോടി രൂപയാണ് പദ്ധതി ചെലവ്.