മത്സ്യകൃഷിയില്‍ പുതിയ പരീക്ഷണവുമായി കൊയിലാണ്ടിക്കാരന്‍ ഷൈജു; വീട്ടില്‍ പുഴവെള്ളക്കുളമൊരുക്കി കൊഞ്ച് കൃഷി


കൊയിലാണ്ടി: മത്സ്യക്കൃഷിയില്‍ പുതിയ പരീക്ഷണം വിജയിപ്പിച്ച സന്തോഷത്തിലാണ് ഷൈജുവും വീട്ടുകാരും. പുളിയഞ്ചേരി നെല്ലൂളിത്താഴയില്‍ കുന്നുമ്മല്‍ ഷൈജുവിന്റെ കൊഞ്ച് കൃഷി വിളവെടുപ്പ് കഴിഞ്ഞദിവസം തുടങ്ങി.

സാധാരണ മത്സ്യക്കൃഷിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ രീതി. മൂന്ന് കിലോമീറ്ററോളം അകലെയുള്ള പുഴയില്‍നിന്ന് ടാങ്കറില്‍ വെള്ളമെത്തിച്ചാണ് വീട്ടുപറമ്പില്‍ കൃത്രിമ കുളമൊരുക്കിയത്.

വനാമി ഇനത്തിലുള്ള കൊഞ്ച് 90-ദിവസംകൊണ്ട് വിളവെടുപ്പിന് പാകമായി. ഒരു കിലോയ്ക്ക് 50 എണ്ണം മതി. കിലോയ്ക്ക് 500 രൂപയാണ് വില. പത്തുമീറ്റര്‍ വ്യാസമുള്ളതാണ് കുളം. വിളവെടുപ്പ് അടുത്ത ദിവസവും തുടരും.

വീട്ടുപറമ്പിലെ കുളത്തില്‍ തുടങ്ങിയതായിരുന്നു ആദ്യം ശുദ്ധജലമത്സ്യക്കൃഷി. വിവിധയിനം മത്സ്യത്തെ വളര്‍ത്തി വലുതാക്കിയെങ്കിലും പൂര്‍ണമായി വിളവെടുക്കാനായില്ല. കുളത്തില്‍ പാറയും മഞ്ചയുമുള്ളതിനാല്‍ കുറേയെണ്ണം കുളത്തില്‍ ബാക്കിയായി.

പിന്നീട് കൊഞ്ചുകൃഷിയെന്ന ആശയമുദിച്ചു. അതിന് പുഴവെള്ളം വേണം. വീട്ടുപറമ്പില്‍ കൃത്രിമമായി നിര്‍മിച്ച കുളത്തില്‍ പുഴവെള്ളം നിറച്ചു. പുഴയില്‍ നിന്ന് ടാങ്കറില്‍ വെള്ളമെത്തിക്കാന്‍ വലിയ ചെലവ് വന്നു. കൊണ്ടുവന്ന പുഴവെള്ളം മൂന്നു തവണയെങ്കിലും ഉപയോഗിക്കാന്‍ കഴിയും. പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒടുവില്‍ ജൂണ്‍ 20-ന് ആദ്യവിളവെടുപ്പ് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്കകം മീന്‍ വിറ്റുതീര്‍ന്നു. രണ്ടാമത്തെ വിളവെടുപ്പാണിപ്പോള്‍ നടക്കുന്നത്.

ഷൈജുവിന്റെ പ്രധാന ജോലി മത്സ്യക്കൃഷിയല്ല. നാട്ടില്‍ ഏറെ തിരക്കുള്ള ഇലക്ട്രീഷ്യനാണ്. ജോലിത്തിരക്കൊഴിഞ്ഞ നേരത്താണ് മത്സ്യക്കൃഷി പരീക്ഷണം. വീട്ടുകാരുടെ പൂര്‍ണ പിന്തുണയുള്ളതിനാല്‍ അനായാസമായി, വിനോദമായി മത്സ്യക്കൃഷി തുടരാനാണ് ഷൈജുവിന്റെ തീരുമാനം.