മതന്യൂന പക്ഷങ്ങള്‍ക്ക് ഒരിക്കലും എൻ.ഡി.എ യുമായി സഹകരിക്കാൻ കഴിയില്ല; ലീഗ്
കോഴിക്കോട്: മുസ്ലീം ലീഗ് ദേശീയധാര അംഗീകരിച്ചുകൊണ്ട് മുന്നണിയിലേക്ക് വന്നാല്‍ സ്വീകരിക്കാമെന്ന ശോഭ സുരേന്ദ്രന്റെ ക്ഷണത്തെ പുച്ഛിച്ച് തള്ളുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
ലീഗിനെ സംബന്ധിച്ചിടത്തോളം ബിജെപിയുമായി സഹകരിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. രാജ്യത്ത് സിപിഐഎം ഉള്‍പ്പടെയുള്ള എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിച്ചുനിന്ന് പോരാടുകയാണ്.
മതന്യൂന പക്ഷങ്ങള്‍ക്ക് ഒരിക്കലും അവരുമായി സഹകരിക്കാന്‍ പറ്റില്ല. ജനാധിപത്യവും മതേതരത്വവും പാര്‍ലമെന്റും ജുഡിഷ്യറിയും എല്ലാം ബിജെപി കുഴപ്പത്തിലാക്കി. അതിനെതിരെ പോരാടുന്നതിനിടയില്‍ എങ്ങനെയാണ് ബിജെപിയുമായി സഹകരിക്കുന്നതെന്നും മജീദ് ചോദിച്ചു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണമുണ്ടാകില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു.
മുസ്ലീംലീഗ് വിഷയത്തിലുള്ള തന്റെ നിലപാട് ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന് ഇന്നും രംഗത്തെത്തി. മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. എന്നാല്‍ ആ വര്‍ഗ്ഗീയ നിലപാട് ഉപേക്ഷിച്ച് നരേന്ദ്രമോദിയുടെ ദേശീയ നയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായി വന്നാല്‍ ലീഗിനെ ഉള്‍ക്കൊള്ളാന്‍ ബിജെപി തയ്യാറാണെന്നാണ് താന്‍ പറഞ്ഞതെന്ന് ശോഭ സുരേന്ദ്രന് വിജയ യാത്രയുടെ പാലക്കാട് വേദിയില്‍ പറഞ്ഞു.
തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ബിജെപി നേതൃത്വത്തിന്റെ നിലപാട് തന്നെയാണ് താന്‍ അവതരിപ്പിച്ചതെന്നും ശോഭ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനുള്ള മറുപടിയായാണ് താന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നുമായിരുന്നു ശോഭയുടെ പ്രതികരണം.