മതംമാറാന്‍ ആവശ്യപ്പെട്ട് പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി: മര്‍ദ്ദിച്ചത് ഭാര്യാ സഹോദരന്‍ ഡോക്ടര്‍ ഡാനിഷ്
തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ നിര്‍ബന്ധിച്ച് ഭാര്യാ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ബോണക്കാട് സ്വദേശിയായ മിഥുന്‍ (29) ആണ് മര്‍ദ്ദനമേറ്റത്.
ഒക്ടോബര്‍ 31ന് രാവിലെ പത്തരയ്ക്ക് ചിറയിന്‍കീഴ് ബീച്ച് റോഡിലായിരുന്നു സംഭവം നടന്നത്. ഭാര്യ തീപ്തിയുടെ സഹോദരന്‍ ഡാനിഷാണ് മിഥുനെ മര്‍ദ്ദിച്ചത്. മതംമാറണം, അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണം എന്നു പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം.
ഒക്ടോബര്‍ 29നായിരുന്നു മിഥുനും ദീപ്തിയും വിവാഹിതരായത്. വിവാഹം ദീപ്തിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ദീപ്തി ക്രിസ്തുമത വിശ്വാസം മിഥുന്‍ ഹിന്ദുവിലെ തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ടവനുമാണ്.
മിഥുന്‍ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ വിവാഹം അംഗീകരിക്കാമെന്ന് പറഞ്ഞ് ദീപ്തിയുടെ കുടുംബം മിഥുനെ സമീപിച്ചിരുന്നു. ഒക്ടോബര്‍ 31ന് ചിറയന്‍കീഴിലേക്ക് ഇവരെ വിളിച്ചുവരുത്തി അവിടുത്തെ പള്ളിയിലെ പുരോഹിതനുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ മതംമാറാന്‍ വിവാഹത്തില്‍ നിന്ന് പിന്മാറാനോ തയ്യാറല്ലെന്ന് മിഥുന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡാനിഷും സുഹൃത്തുക്കളും മിഥുനെ മര്‍ദ്ദിച്ചത്.
തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ ഇപ്പോള്‍ ചികിത്സയിലാണ്. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ് ഡാനിഷ്.