മണിയൂരിലെ സമ്പാദ്യപദ്ധതി തട്ടിപ്പ്; ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു


പയ്യോളി: തപാല്‍വകുപ്പിന്റെ കീഴിലുള്ള സമ്പാദ്യപദ്ധതിയായ ആര്‍.ഡി നിക്ഷേപത്തിന്റെ മറവില്‍ മണിയൂരില്‍ അരക്കോടിയലധികം രൂപ തട്ടിയ സംഭവത്തില്‍ ഇരയാക്കപ്പെട്ടവര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി തട്ടിപ്പിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

എളമ്പിലാട് പുതുക്കോട്ട് ഏജന്റ് ശാന്തയാണ് ആരോപണവിധേയ. നൂറിലധികം പേര്‍ അംഗങ്ങളായ കമ്മിറ്റിയുടെ ചെയര്‍മാനായി എസ്.ആര്‍. ഖാനെയും കണ്‍വീനറായി മനൂപ് കുമാറിനെയും ട്രഷററായി വിജേഷ് മാസ്റ്ററെയും തെരഞ്ഞെടുത്തു. ലിനീഷ്, പി.ടി.കെ. മുഹമ്മദലി, അശോകന്‍, അലി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രി, സ്ഥലം എം.എല്‍.എ, എം.പി, ഉന്നത പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ക്ക് പരാതികളയക്കാന്‍ ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.