മഞ്ഞും മലയും വെള്ളച്ചാട്ടവും; സഞ്ചാരികളുടെ മനം കവരും കോഴിക്കോട്ടെ ‘മിനി ഗവി’; കക്കാടംപൊയിലിലെ കാഴ്ചകൾ കാണാം


കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലുമാണ് കക്കാടംപൊയില്‍ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഗവിയുടെ ചാരുതയാര്‍ന്ന ഭൂപ്ര കൃതിയുടെ നയനാനന്ദകര കാഴ്ച അനുഭവിച്ച അനുഭൂതിയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.

പച്ച പുതച്ച് നില്‍ക്കുന്ന മലകളും, കുന്നിന്‍ ചെരുവില്‍ നിന്ന് ഒഴുകുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. തണുത്ത കാലാവസ്ഥയും കുന്നിന്‍ മുകളില്‍ കോടമൂടി കിടക്കുന്നതുമെല്ലാമാണ്. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകാന്‍ പ്രധാന കാരണം.

റോഡുകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന മുളങ്കാടുകള്‍ കാണാന്‍ മനോഹരമാണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2200 മീറ്റര്‍ ഉയരത്തിലാണ് കക്കാടം പൊയില്‍ സ്ഥിതി ചെയ്യുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ആനകളുടെയും, കടുവകളുടെയും, അപൂര്‍വ ഇനം പക്ഷികള്‍, ഷഡ്പദങ്ങള്‍ എന്നിവയുടെയും ആവാസ ഭൂമിയാണ് കക്കാടംപൊയില്‍.

കാടിന്റെ നിഗൂഢതകളറിയാന്‍ കക്കാടംപൊയിലില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമു ഖ്യത്തില്‍ പ്രകൃതി പഠന ക്യാമ്പുകള്‍ സജീവമായി നടക്കുന്നു ണ്ട്. നിലമ്പൂരില്‍ നിന്ന് 24 കിലോമീറ്ററും, കോഴിക്കോട് നിന്ന് 50 കിലോമീറ്ററുമാണ് കക്കാടംപൊയിലിലേക്കുള്ള ദൂരം.


നിലമ്പൂര്‍ അകമ്പാടം വഴിയാണ് കക്കാടംപൊയിലിലെത്താനുള്ള മാര്‍ഗം. കോഴിക്കോട് നിന്നാണെങ്കില്‍ തിരുവമ്പാടി കൂടരഞ്ഞി വഴിയും എത്താം. കെ.എസ്.ആര്‍.ടി.സിയാണ് ഈ ഭാഗങ്ങളിലൂടെ ബസ് സര്‍വീസ് നടത്തുന്നത്. ഇത് രാവിലെ മുതല്‍ വൈകുന്നേരം വരെയുണ്ട്. ഇവിടെ വസിക്കുന്ന ജനവിഭാഗങ്ങള്‍ കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. വാഴ, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, കുരുമുളക്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് കക്കാടംപൊയിലിലെ കാര്‍ഷിക വിളകള്‍.

ടൂറിസം ഭൂപടത്തില്‍ കക്കാടംപൊയില്‍ ഇടം നേടിയിട്ട് കുറഞ്ഞ വര്‍ഷങ്ങളാകുന്നതേയുള്ളൂ. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായിരുന്നു ഇവിടം. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിക്കടുത്ത് മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടമാണ് കക്കാടംപൊയിലിലെ മുഖ്യ ആകര്‍ഷണം. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന കുറുവന്‍പുഴയിലെ വെള്ളച്ചാട്ടത്തില്‍ നിന്നും കാറ്റിനൊപ്പം വീശിയടിക്കുന്ന ജലകണങ്ങള്‍ ഏവരുടെയും മനസിനെ കുളിര്‍പ്പിക്കും.

പ്രധാന വിനോദ കേന്ദ്രങ്ങള്‍

കോഴിപ്പാറ വെള്ളച്ചാട്ടം

കക്കാടം പൊയിലില്‍ നിന്നും 3 കി.മീ മാറി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കുറുവന്‍പുഴയിലാണ്. കേരള വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 20 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഗൈഡുകളുടെ സേവനം തിങ്കളൊഴികെ എല്ലാ ദിവസവുമുണ്ട്. നല്ല തണുത്ത വെള്ളമാണ് ഈ പുഴയില്‍. കുളിക്കാനും, നീന്താനും നല്ല സൗകര്യം ഇവിടെയുണ്ട്.

പഴശ്ശിഗുഹ

കക്കാടംപൊയിലില്‍ നിന്നും 4 കിലോമീറ്റര്‍ മാറി നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്. വയനാട്ടില്‍ നിന്നും നിലമ്പൂരിലേക്ക് പോവുമ്പോള്‍ ഒരു വിശ്ര മകേന്ദ്രം എന്ന നിലയില്‍ പഴശ്ശി ഈ ഗുഹ ഉപയോഗിച്ചിരു ന്നെന്ന് കരുതപ്പെടുന്നു. പഴശ്ശി ഒളിവില്‍ താമസിച്ചു എന്നും പറയപ്പെടുന്നു.

ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികള്‍ വര്‍ഷത്തില്‍ ഒരു തവണ വീരപഴശ്ശിയുടെ സ്മൃതിയില്‍ ഉത്സവം കൊണ്ടാടുന്നു. ഈ ഗുഹയ്ക്ക് അകത്ത് ഒരു പീഠം ഉണ്ട് നിരവധി വ്യൂ പോയിന്റുകളും പുല്‍മേടുകളും മലകളും നിലമ്പൂര്‍ വനത്തിനോടു ചേര്‍ന്ന് കിടക്കുന്ന പന്തീരായിരം വനവും വനത്തിലൂടെ ഒഴുകുന്ന പുഴയും തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്.

എങ്ങനെ എത്തിച്ചേരാം:

കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് ഇവിടേയ്ക്ക് സര്‍വീസ് നടത്തുന്നത്. കോഴിക്കോടു നിന്നും, തിരുവമ്പാടിയില്‍ നിന്നും നിലമ്പൂര്‍ നിന്നും ഇവിടേയ്ക്ക് സര്‍വീസ് ഉണ്ട് നിലമ്പൂര്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. നിലമ്പൂരില്‍ നിന്നും 24 കിലോമീറ്റര്‍ ആണ് കക്കാടം പൊയിലിലേക്കുള്ള ദൂരം. ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്ക് ദിവസവും നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.