മകളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണോ കൊയിലാണ്ടി പോലീസേ? കാപ്പാട് ആശുപത്രിയിലേക്ക് പോയ അച്ഛനേയും മകളേയും പോലീസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി പിഴയീടാക്കി, ഡിജിപിക്ക് പരാതി
കൊയിലാണ്ടി: ആശുപത്രിയിലേക്ക് പോകുകയായിരുന്ന അച്ഛനേയും മകളേയും റോഡില്‍ തടഞ്ഞ് നിര്‍ത്തി പോലീസിന്റെ തോന്നിവാസം. കാപ്പാട് ചെറിയ പള്ളിക്കലകത്ത് നിസാറിനാണ് ഈ ദുരനുഭവം. കാപ്പാട് നിന്ന് തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മകളുമായി പോകുന്നതിനിടെയാണ് തിരുവങ്ങൂര്‍ റെയില്‍വേ ഗെയിറ്റിന് സമീപത്ത് വച്ച് കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളുടെ വാഹനം കൈകാണിച്ച് നിര്‍ത്തിയത്.
വാഹനം നിര്‍ത്തിയപ്പോള്‍ ആശുപത്രി ആവശ്യമായി പോകുകയാണെന്ന് അറിയിച്ചെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നാരോപിച്ച് 500 രൂപ പിഴയിടാക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വളരെ മോശമായി സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തു.
കാപ്പാട് പോലീസ് തടഞ്ഞ് നിര്‍ത്തിയ സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടറെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിസാര്‍ ഡിജിപിക്ക് പരാതി നല്‍കി.