ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ ഭയം; പേരാമ്പ്ര കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി


പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് (10-07-2023) അവധി. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങാപ്പറ്റ യു.പി സ്‌കൂള്‍, കൂത്താളി യു.പി സ്‌കൂള്‍, കല്ലോട്.എല്‍.പി സ്‌കൂള്‍, പൈതോത്ത് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.

കൂത്താളിയില്‍ ഇന്നലെ നാല് പേരെ തെരുവ് നായ അക്രമിച്ചിരുന്നു. അക്രമകാരിയായ ഭ്രാന്തന്‍ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കൂത്താളി രണ്ടേ ആറില്‍ തെരുവുനായ കടിച്ച് വെളുത്താടന്‍ വീട്ടില്‍ ശാലിനി(38), പേരാമ്പ്ര സ്വദേശി പ്രസീത(49), കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68) എന്നിങ്ങനെ മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കില്‍ പതിനെട്ടു വയസ്സുകാരനായ ഒരു വിദ്യാത്ഥിക്കുമായിരുന്നു പരിക്കേറ്റത്. ഞായറാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.

ഇന്നത്തെ അവധിയ്ക്ക് പകരമായി മറ്റൊരു ദിവസം ക്ലാസുണ്ടായിരിക്കുന്നതാണ്.

സ്‌കൂളുകള്‍ക്ക് പുറമെ പഞ്ചായത്തിനു കീഴില്‍ തൊഴിലുറപ്പ് പ്രവൃത്തിയും ഇന്ന് നിര്‍ത്തി വെയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ അറിയിച്ചു. നായയെ കണ്ടെത്താനായുള്ള തിരച്ചില്‍ ഇന്നലെ ഏറെ നേരം തുടര്‍ന്നു. ഇന്നും തുടരുമെന്നും പറഞ്ഞു.