ഭൂമി തരം മാറ്റുന്നതിൽ ഇടനിലക്കാരുടെ വാഗ്ദാനങ്ങളിൽ ജനം വഞ്ചിതരാകരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടർ


കോഴിക്കോട്: ഭൂമി തരം മാറ്റുന്നതിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വാഗ്ദാനങ്ങളിൽ ജനം വഞ്ചിതരാകരുതെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി. വ്യാപകമായി ബാനർ വെച്ച് ഫോൺ നമ്പർ നൽകി ഒറ്റയ്ക്കും ഗ്രൂപ്പായും പ്രവർത്തിക്കുന്ന ഇടനിലക്കാർ അപേക്ഷവാങ്ങി ഓഫീസുകളിൽ ഹാജരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രവൃത്തികൾ സർക്കാർ നിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധവും വ്യാപകമായ ക്രമക്കേടിനും അഴിമതിക്കും ഇടയാക്കുന്നതുമാണ്. ഭൂമി തരംമാറ്റുന്നതിന് റവന്യൂ വകുപ്പ് ഒരു ഏജൻസികളെയും ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് ഇടനിലക്കാരുടെ സഹായം തേടരുതെന്നും അദ്ദേഹം അറിയിച്ചു.

മൂന്നുലക്ഷം രൂപവരെ ഫീസ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ചെറുകിട ഏജന്റുമാരും ജില്ലയിലുണ്ട്. കൃഷിഓഫീസ് മുതൽ ആർ.ഡി.ഒ. ഓഫീസുകളിൽവരെ ഇവർക്ക് സ്വാധീനമുണ്ട്. അതുകൊണ്ട് ഏജന്റുമാർ നൽകുന്ന അപേക്ഷകൾ എല്ലാ മുൻഗണനകളും തെറ്റിച്ചാണ് പരിഗണിക്കുന്നത്.