ഭാര്യവീട്ടിലേക്ക് പോകവേ യുവാവിനെ ആക്രമിച്ചു; കോഴിക്കോട് രണ്ടുപേര്‍ അറസ്റ്റില്‍


കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ ലഹരിമാഫിയ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുക്കം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്.

പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്ത് എന്നയാള്‍ക്കാണ് ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ‘അസമയത്ത്’ എവിടെ പോകുന്നുവെന്ന് ചോദിച്ചായിരുന്നു സദാചാര അക്രമമെന്ന് ഷൗക്കത്ത് പറയുന്നു.

ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന ഷൗക്കത്തിനെ ഇവര്‍ മര്‍ദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ഷൗക്കത്ത് മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ പ്രതിയായ അജ്മല്‍ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ- ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

ഭാര്യവീട്ടിലുള്ള മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുമായി പോവുകയായിരുന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. ഈ സമയം പിന്‍തുടര്‍ന്നെത്തിയ രണ്ട് അംഗ സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാത്രി സമയം എവിടേക്ക് പോവുന്നു എന്നും നീ കഴിച്ചതിനേക്കാള്‍ കൂടുതല്‍ ലഹരി തങ്ങള്‍ കഴിച്ചിട്ടുണ്ടന്നും പറഞ്ഞ സംഘം തന്നെ അവിഹിത ബന്ധക്കാരനും ലഹരി ഉപയോഗിക്കുന്നവനുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ഷൗക്കത്ത് പറഞ്ഞു.

വാഹനത്തില്‍ നിന്നും അടിച്ച് നിലത്തിട്ട സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും മൊബൈല്‍ ഫോണ്‍ എടുത്തെറിഞ്ഞതായും ഷൗക്കത്ത് പരാതിപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ ഷൗക്കത്ത് വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാല്‍നടയായി ഭാര്യവീട്ടിലെത്തിയ ശേഷം വാഹനമെടുക്കാനായി വീട്ടുകാര്‍ക്കൊപ്പം തിരിച്ചെത്തിയപ്പോള്‍ വീണ്ടും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും ഷൗക്കത്ത് പറയുന്നു. ഈ സമയത്ത് സംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നതായും ഷൗക്കത്ത് പറഞ്ഞു. പരിക്കേറ്റ ഷൗക്കത്ത് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ ഷൗക്കത്ത് പൊലീസില്‍ പരാതി നല്‍കി.