ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ജലവിതരണം മുടങ്ങും

കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയില്‍ നിന്നുള്ള ജല വിതരണ പൈപ്പില്‍ ബാലമന്ദിരം ബ്രാഞ്ച് ലൈനില്‍ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഡിസംബര്‍ 23 , 24 ദിവസങ്ങളില്‍ മലാപ്പറമ്പ്, സിവില്‍ സ്റ്റേഷന്‍, ബാലമന്ദിരം, പുതിയറ ഭാഗങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

2022-23 വര്‍ഷത്തില്‍ അങ്കണവാടികള്‍ക്കാവശ്യമായ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് എസിഡിഎസ് അര്‍ബന്‍ 4 ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 29. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക :0495 2481145.

ബാങ്ക് കുടിശ്ശികയുളളവര്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തണം

കോഴിക്കോട് താലൂക്കിലെ റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന എല്ലാ ബാങ്ക് കുടിശ്ശികക്കാരുടെയും അദാലത്ത് 2023 ജനുവരി 4 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നു. പ്രസ്തുത അദാലത്തില്‍ റവന്യൂ/ബാങ്ക് അധികൃതരുമായി സഹകരിച്ച് ഇളവുകള്‍ പ്രയോജനപ്പെടുത്തണമെന്നും കുടിശ്ശിക തീര്‍ത്ത് റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകേണ്ടതാണെന്നും റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2374300

നിയമനം നടത്തുന്നു

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ /പ്രോജക്ടുകളില്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ നടത്തുന്ന ഫാര്‍മസി കോഴ്‌സ്, ബിഫാം (ആയുര്‍വ്വേദ)യോഗ്യത വേണം. നേഴ്‌സിന് ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ നടത്തുന്ന നേഴ്‌സിംഗ് കോഴ്‌സ്, ബി.എസ്.സി നേഴ്‌സിംഗ് (ആയുര്‍വ്വേദ) യോഗ്യത വേണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 29ന് രാവിലെ 11.00 മണിക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2371486

നിയമനം നടത്തുന്നു

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന് കീഴിലുളള വൈറോളജി റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ് ലബോറട്ടറിയുടെ വിഎച്ച്എഫ് പ്രൊജക്ടില്‍, പ്രൊജക്ട് ടെക്‌നീഷ്യന്‍ III ആയി ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 18,000. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 30 ന് രാവിലെ 10.30 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2350216, 0495-2350200.

നാറ്റ്പാക് പരിശീലനം

സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാറ്റ്പാക്ക് ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ നാറ്റ്പാക്കിന്റെ തിരുവനന്തപുരം പരിശീലന കേന്ദ്രത്തിലാണ് നടക്കുക. വിശദ വിവരങ്ങള്‍ക്ക്: 0471 -2779200, 9074882080.

ദര്‍ഘാസ് ക്ഷണിച്ചു

ഐ.സി.ഡി.എസ് കോഴിക്കോട് അര്‍ബന്‍ 1 കാര്യാലയത്തിനു കീഴിലുളള 133 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അടങ്കല്‍ തുക 2,66,000 രൂപ.ടെന്‍ഡര്‍ ഫോറംവിതരണം ചെയ്യുന്ന അവസാന തിയ്യതി ജനുവരി 5 ഉച്ചക്ക് 1 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495 2702523, 8547233753.

ടെണ്ടറുകള്‍ ക്ഷണിച്ചു

ഐ സിഡിഎസ് ചേളന്നൂര്‍ ഓഫീസ് പരിധിയിലെ അങ്കണവാടി സെന്ററുകളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2261560

ദേശീയ ഉപഭോക്തൃ വാരാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തി

ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരങ്ങള്‍ നടത്തി. സിവില്‍ സ്റ്റേഷന്‍ ജി യു പി സ്‌ക്കൂളില്‍ നടന്ന പരിപാടി ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ് ഉദ്ഘാടനം ചെയ്തു.

പ്രസംഗ മത്സരത്തില്‍ കോക്കല്ലൂര്‍ ജി എച്ച് എസ് എസിലെ സി.റിയോണ ഒന്നാം സ്ഥാനവും സാമൂതിരി എച്ച്.എസിലെ പി.വി ഹരിഗോവിന്ദ് രണ്ടാം സ്ഥാനവും ജി വി എച്ച് എസ് എസ് അത്തോളിയിലെ ഫൈസാന്‍ ആഷിഖ് മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ ജി എച്ച് എസ് എസ് അവിടനല്ലൂരിലെ വിദ്യാര്‍ത്ഥികളായ ജി.ആര്‍ യദുനന്ദ് ഒന്നാം സ്ഥാനവും പി.വി പാര്‍വണ രണ്ടാം സ്ഥാനവും ജി വി എച്ച് എസ് എസ് അത്തോളിയിലെ ഫൈസാന്‍ ആഷിഖ് മൂന്നാം സ്ഥാനവും നേടി.

ഉപന്യാസ രചനാ മത്സരത്തില്‍ ജി എച്ച് എസ് എസ് അവിടനല്ലൂരിലെ പി.വി പാര്‍വണ ഒന്നാം സ്ഥാനവും ഇരിങ്ങണ്ണൂര്‍ ജി എച്ച് എസ് എസിലെ എ.ജെ അവന്തിക രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് അവിടനല്ലൂരിലെ ജി.ആര്‍ യദുനന്ദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ഡിസംബര്‍ 24 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന ഉപഭോക്തൃ ദിനാചരണ പരിപാടിയില്‍ വിതരണം ചെയ്യും.

വേങ്ങേരി അഗ്രി ഫെസ്റ്റ് പതാക ഉയർത്തി

വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നടക്കുന്ന വേങ്ങേരി അഗ്രി ഫെസ്റ്റിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി നിർവഹിച്ചു. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് അഗ്രി ഫെസ്റ്റ്.

കോവിഡിന് ശേഷം ആദ്യമായാണ് വേങ്ങേരി അഗ്രി ഫെസ്റ്റ് പുനരാരംഭിക്കുന്നത്. കാര്‍ഷിക വിപണനവും പ്രദര്‍ശനവും, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വാഹന പ്രദര്‍ശനം, വില്‍പ്പന, നാട്ടുചന്തകള്‍, കാര്‍ഷിക സെമിനാറുകള്‍, മത്സരങ്ങള്‍, പുഷ്പ-ഫല പ്രദര്‍ശനം, വിവിധ തരം അലങ്കാര മത്സ്യങ്ങള്‍, പക്ഷികള്‍, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികള്‍ തുടങ്ങിയവ വിപണന കേന്ദ്രത്തിലുണ്ടാകും. കൂടാതെ ഒരോ ദിവസവും കലാപരിപാടികളും അരങ്ങേറും.

പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി ഇ എസ്, മാർക്കറ്റ് സെക്രട്ടറി രമാദേവി പി. ആർ, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്‌സ് ,ഓർഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജയന്‍, ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ നാരായണന്‍ കല്‍പകശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

‘ഊർജ്ജകിരൺ’; ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിച്ചു

സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന ഊര്‍ജ്ജപരിപാലന കേന്ദ്രമായ എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇഎംസി) നേതൃത്വത്തിൽ ചാത്തമംഗലം പഞ്ചായത്തിൽ പരിശീലന ബോധവല്‍ക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ഊർജ്ജകിരൺ 2022-23 പരിപാടിയുടെ ഭാഗമായി ബോധവത്കരണ പരിപാടി, ഫ്‌ളാഷ് മോബ്, ഊർജ്ജ സംരക്ഷണ പ്രതിജ്ഞ, ബോധവത്കരണ റാലി, ഒപ്പുശേഖരണം എന്നിവയാണ് നടന്നത്. ഹോളി ക്രോസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തങ്കണത്തിൽ നടന്ന പരിപാടികൾ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ എം അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്ക് വിഭാഗം തലവൻ ജോസ് മാത്യു വിഷയാവതരണം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ ആർഷ രവികുമാർ പ്രതിജ്ഞ ചൊല്ലി. ചാത്തമംഗലം ടൗൺ ചുറ്റിയുള്ള അവബോധ റാലിയിൽ പഞ്ചായത്ത് അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.

കേരള സ്കൂൾ കലോത്സവം: സുവനീർ പുറത്തിറക്കും.

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സുവനീർ പുറത്തിറക്കും. കലോത്സവ ചരിത്രം, വിദ്യാഭ്യാസ സാംസ്കാരിക പൈതൃകം, കലോത്സവ മുഹൂർത്തങ്ങൾ, പ്രതിഭകളുടെ രചനകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാവും സുവനീർ. 158 പേജുകളിൽ ബഹുവർണത്തിൽ 12000 കോപ്പികളാണ് ഇറക്കുക.

ജനുവരി 7 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ രാജൻ, ചീഫ് വിപ്പ് ഡോ.എൻ ജയരാജിന് നൽകി സുവനീർ പ്രകാശനം ചെയ്യും. എം ടി വാസുദേവൻ നായർ, പി വത്സല, പ്രൊഫ. ശോഭീന്ദ്രൻ, എം എൻ കാരശ്ശേരി, പി കെ ഗോപി, കൽപ്പറ്റ നാരായണൻ, സന്തോഷ് ജോർജ് കുളങ്ങര, പിടി ഉഷ, ഡോ. കുര്യാസ് കുമ്പളക്കുഴി തുടങ്ങിയവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തും. അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും ലഭിച്ച പേരുകളിൽ നിന്നും തെരഞ്ഞെടുത്താണ് സുവനീറിന്റെ പേര് നിശ്ചയിക്കുക.

സുവനീർ കമ്മിറ്റി യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ അധ്യക്ഷനായി. കൺവീനർ റോയ് മുരിക്കോലിൽ, ജോയിൻറ് കൺവീനർ വടയക്കണ്ടി നാരായണൻ, എഡിറ്റർ ചാർലി കട്ടക്കയം, കെ.എം പോൾസൺ, കെ.എഫ് ജോർജ്, ജോസ് പൂതക്കുഴി, കെ.വി മേരി, ചിപ്പി രാജ്, റീത്ത അഗസ്റ്റിൻ, കെ നൗഷാദ്, അനിൽ ജോൺ, ജിൽസ് തുടങ്ങിയവർ സംസാരിച്ചു.

മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ വരുന്നു ജൂഡോ പരിശീലന കേന്ദ്രം

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ജൂഡോ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൂഡോ പരിശീലന പദ്ധതിയായ ജൂഡോകയുടെ ഭാഗമായാണ് കേന്ദ്രം ആരംഭിക്കുന്നത്. സംസ്ഥാനത്ത് ജൂഡോയുടെ പ്രചരണവും വളർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ജൂഡോയിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളെ കണ്ടെത്തി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു. ശാസ്ത്രീയ രീതികളിലൂടെ കുട്ടികളിലെ കഴിവ് വികസിപ്പിച്ച് ഉന്നതതലത്തിലുള്ള മത്സരങ്ങൾ അഭിമുഖീകരിക്കുന്നതിന് സജ്ജരാക്കാനും പദ്ധതിയിൽ ഉദ്ദേശിക്കുന്നു. കുട്ടികളിൽ സ്വയം രക്ഷ പരിശീലിപ്പിക്കുന്നതിനും ചിട്ടയും ആത്മവിശ്വാസവുമുള്ള ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും.

സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളിൽ 8 വയസ്സ് മുതൽ 11 വരെയുള്ള കുട്ടികൾക്കായാണ് പരിശീലനം നടപ്പാക്കുന്നത്. മേപ്പയ്യൂർ ഹയർസെക്കണ്ടറി സ്കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്കൂളുകളിലെയും 40 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്.

ഹരിത മിത്രം പദ്ധതി: ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള കളക്ഷൻ ആരംഭിച്ചു

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള കളക്ഷൻ വേളം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ആദ്യ കളക്ഷൻ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ആരംഭിച്ചു.

ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മസേന അംഗങ്ങൾ ക്യൂ ആർ കോഡ് പതിച്ചിരുന്നു. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം,അളവ്‌, കൈമാറുന്ന തിയ്യതി തുടങ്ങിയ വിവരങ്ങൾ ക്യൂ ആർ കോഡിലൂടെ മനസ്സിലാക്കാൻ സാധിക്കും.

പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ,പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ പി, അസിസ്റ്റന്റ് സെക്രട്ടറി ചിത്ര, ഹരിതസേന അംഗങ്ങൾ, കെൽട്രോൺ പ്രതിനിധി അഭിജിത് തുടങ്ങിയവർ സംബന്ധിച്ചു.

ബേപ്പൂരിന്റെ ഓളപരപ്പിൽ കയാക്കിങ് ബോട്ടുകൾ അണിനിരക്കും

ബേപ്പൂരിന്റെ മണ്ണിൽ ജലാരവത്തിന്റെ നാളുകൾക്ക് തുടക്കമാവുമ്പോൾ കാണികളെ കാത്തിരിക്കുന്നത് കയാക്കിങിന്റെ മാന്ത്രിക കാഴ്ചകളും മത്സരങ്ങളും. കുതിച്ചു വരുന്ന കടൽതിരകളെ ഭേദിച്ച് ബേപ്പൂരിന്റെ ഓളപരപ്പിൽ കയാക്കിങ് ബോട്ടുകൾ അണിനിരക്കും.

രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സിറ്റ് ഓണ്‍ ടോപ് കയാക്കിങ്, കടൽ കയാക്കിങ്, സ്റ്റാന്റ് അപ് പെഡലിംഗ് വിഭാഗങ്ങളിലാണ് മത്സരം നടക്കുക. സിംഗിൾ, ഡബിൾ എന്നിങ്ങനെ വനിതാ പുരുഷ വിഭാഗങ്ങളിൽ മത്സരം നടക്കും. രാജ്യത്തിന് അകത്തും പുറത്തുനിന്നും നിരവധി മത്സരാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ ജലവുമായി ബന്ധപ്പെട്ട മറ്റനേകം മത്സരങ്ങളും പരിപാടികളും അരങ്ങേറും. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കൾച്ചറൽ പരിപാടികളും വൈകുന്നേരങ്ങളെ സംഗീതസാന്ദ്രമാക്കും. ആർമി, നേവി, കോസ്റ്റ് ഗാർഡ് സംഘങ്ങൾ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രദേശം സന്ദർശിച്ചു.

വയോജന ഗ്രാമസഭ ചേർന്നു

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 2023 -24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വയോജന ഗ്രാമസഭ ചേർന്നു. വെള്ളിയൂർ മിനർവ കോളേജിൽ ചേർന്ന “നവകേരളത്തിന് ജനകീയാസൂത്രണം” ഗ്രാമസഭയുടെ
ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.

വയോജനങ്ങളുടെ ആവശ്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ ഗ്രാമസഭ മുമ്പാകെ സമർപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭനാ വൈശാഖ്, ഗ്രാമ പഞ്ചായത്തംഗം സുമേഷ് തിരുവോത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷെഹിൻ നന്ദിയും പറഞ്ഞു.

ജീവിത ശൈലി രോഗ പ്രതിരോധ ക്യാമ്പ് നടത്തി

ജീവിത ശൈലി രോഗങ്ങളെ തുടക്കഘട്ടത്തിൽ തന്നെ കണ്ടെത്തി തടയുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ പ്രതിരോധ ക്യാമ്പ് നടത്തി.

പ്രമേഹം , പ്രഷർ തുടങ്ങിയ ജീവിതശൈലി രോഗ പരിശോധനയും ബോധവൽക്കരണവും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ആശാവർക്കർ പി.പി ഷൈമ , അബു കാപ്പാറോട്ട് ,സുനിൽ പാറക്കുന്നത്ത് , പി കെ റഫീഖ് , പി.പി റസാഖ് , കെ എം സി അമ്മദ് ഹാജി,ബീന മാവിലപ്പാടി എന്നിവർ സംസാരിച്ചു. രണ്ടാം വാർഡിലെ നൂറുക്കണക്കിനാളുകൾ ക്യാമ്പിലെത്തി പരിശോധന നടത്തി.

തൂണേരി ബ്ലോക്ക് ഹരിത കർമ്മ സേനാ സംഗമം

തൂണേരി ബ്ലോക്ക് ഹരിത കർമ്മ സേനാ സംഗമം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ.പി അധ്യക്ഷത വഹിച്ചു. ശുചിത്യ മിഷൻ ജില്ലാ കോഡിനേറ്റർ മനേജ് കുമാർ എ.ടി മുഖ്യ പ്രഭാഷണം നടത്തി. ഹരിത കർമ്മ സേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

ഏഴ് പഞ്ചായത്തിലേയും ഹരിത കർമ്മ സേനാംഗങ്ങൾ പ്രവർത്തനാനുഭവങ്ങൾ പങ്കുവെച്ച് ചർച്ചയിൽ പങ്കെടുത്തു. നവകേരളം റിസോഴ്സ് പേഴ്സൺ കെ.കുഞ്ഞിരാമൻ ചർച്ച ക്രോഡീകരണം നടത്തി സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ വർണ്ണശബളമായ ഘോഷയാത്ര ശുചിത്യ ഗീതം ആലപിച്ചുകൊണ്ട് നടത്തി. ഏഴ് പഞ്ചായത്തുകളിലേയും ഹരിത കർമ്മ സേനാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജയപ്രകാശ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കുമാരി വിസ്മയ എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.

ജില്ലാ പഞ്ചായത്ത് മെമ്പർ നജ്മ സി.വി.എം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു പുതിയോട്ടിൽ, ഇന്ദിര കെ.കെ., ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അമ്പുജം, ഡാനിയ , നജ്മ ബീവി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ ടി.കെ സ്വാഗതവും സെക്രട്ടറി ശുചീന്ദ്രൻ നന്ദിയും പറഞ്ഞു.

മൂടാടി പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നു

2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മൂടാടിയില്‍ പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നു. ഭിന്നശേഷി – വയോജനങ്ങള്‍ – വനിത – പട്ടികജാതി വിഭാഗം എന്നീ മേഖലകളിലുള്ളവര്‍ക്ക് വേണ്ടിയാണ് പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നത്.

പൊതു ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടാത്ത വിഷയങ്ങള്‍ പ്രത്യേക ഗ്രാമസഭയില്‍ ഉന്നയിച്ചു. പൊതുവായി ഉയര്‍ന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്കായി സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു.

വനിതാ ഗ്രാമസഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സൗദ, സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികള്‍ വിശദീകരിച്ചു. മെമ്പര്‍മാരായ സുമിത, രജുല ടി.എം എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അഖില എം.പി സ്വാഗതം പറഞ്ഞു.

കോഴിവളര്‍ത്തല്‍ പദ്ധതിയുമായി എടച്ചേരി പഞ്ചായത്ത്

പഞ്ചായത്തിലെ 1700 കുടുംബങ്ങളില്‍ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമിട്ട് എടച്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1700 ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്യുന്നത്.

എടച്ചേരി ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുക്കൊണ്ട് എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പത്മിനി ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാര്‍, വെറ്റിനറി സര്‍ജന്‍ എന്നിവര്‍ പങ്കെടുത്തു.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പഞ്ചായത്തില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കു ശേഷം അധികമുള്ള മുട്ട പ്രദേശിക വിപണനം നടത്തുന്നതിലൂടെ സ്ത്രീകള്‍ക്ക് മികച്ച വരുമാന മാര്‍ഗ്ഗവും കോഴി വളര്‍ത്തലിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് : ഒരുക്കുന്നത് ശക്തമായ സുരക്ഷ

ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിനേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ ഇത്തവണ ബേപ്പൂരിലെത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തുന്നതിനാല്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് ബേപ്പൂരില്‍ ഏര്‍പ്പെടുത്തുന്നത്.

വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. അഗ്നിശമന, ആംബുലന്‍സ് സംവിധാനം ഉള്‍പ്പടെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തും. സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ബേപ്പൂരിലെത്തിയിരുന്നു.

ക്രിസ്തുമസ്സ് അവധിക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലുമായാണ് ഇത്തവണ ഫെസ്റ്റ് നടക്കുന്നത്.

ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി യോഗം ചേർന്നു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പുനഃസംഘടിപ്പിച്ച ആസൂത്രണസമിതിയുടെ ആദ്യയോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രധാന പദ്ധതികൾ വിലയിരുത്തിയതിനോടൊപ്പം വിവിധ മേഖലകളിൽ അടുത്ത വർഷത്തേക്ക് തയ്യാറാക്കേണ്ട പ്രധാന പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു.

നിലവിലുളള പ്രവൃത്തികളുടെ നിർവ്വഹണവും വിലയിരുത്തലും സംബന്ധിച്ച കാര്യങ്ങളിൽ ആസൂത്രണസമിതി, വർക്കിംഗ് ഗ്രൂപ്പ് എന്നിവയുടെ ഇടപെടലുകൾ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ സമഗ്രശേഷി വികസനം, നൈപുണ്യ വികസനം, ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്കു വേണ്ടി സ്കൂൾ ഗവേണൻസ് സിസ്റ്റം, ദേശീയ അന്തർദേശീയ കോഴ്സുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുവേണ്ടി പ്രത്യേക പദ്ധതികൾ എന്നിവ ഉൾപ്പെടെ സമഗ്രമായ വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകാനും ധാരണയായി.

അഭ്യസ്തവിദ്യരും സാങ്കേതിക യോഗ്യതയുളളവരുമായ സത്രീകൾക്ക് തൊഴിൽ സാധ്യത ഉറപ്പാക്കൽ, സ്ത്രീകളുടെ മാനസികാരോഗ്യ പോഷണത്തിനുളള പ്രത്യേക പദ്ധതി, വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കുമായി പദ്ധതികൾ, സ്പോർടസ് അക്കാദമികളുടെ ശാക്തീകരണം ഉൾപ്പെടെയുളള കായിക വികസന പദ്ധതിയും നടപ്പാക്കും. പ്രൊഫഷണൽ യോഗ്യതയുള്ളവരുടെ സഹകരണസംഘം രൂപീകരിച്ച് സംരംഭങ്ങൾക്ക് സഹായം നൽകുന്നതിനുള്ള പദ്ധതികൾ, വൈദ്യുതി ഇന്റർനെറ്റ് തടസ്സമില്ലാത്ത ഐ.ടി ഹബ്ബുകൾ സ്ഥാപിക്കൽ, ഉല്പ്പാദന മേഖലയിൽ തരിശുരഹിത പദ്ധതി തുടരൽ, ജില്ലാ വെറ്റിനറികേന്ദ്രം അത്യാധുനിക സൗകര്യമുള്ള ഹോസ്പിറ്റലായി ഉയർത്തുന്നതിനുളള നടപടികൾ എന്നിവ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. ആസൂത്രണസമിതി അംഗങ്ങൾ, വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ ചെയർമാൻമാർ, കൺവീനർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ലൈഫ് 2020: ഗുണഭോക്‌തൃ സംഗമം നടത്തി

കൂടരഞ്ഞി പഞ്ചായത്തിൽ ലൈഫ് 2020 ലിസ്റ്റിൽ ഉൾപ്പെട്ട 50 പേരുടെ ഗുണഭോക്തൃസംഗമം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമകാര്യ ചെർപേഴ്സൺ റോസിലിടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ വി.എസ്.രവി, മെമ്പർമാരായ ജറീന റോയ്, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് പി.എസ്, വി.ഇ. ഒ ബിജി പിഎസ് തുടങ്ങിയവർ പങ്കെടുത്തു.വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

കേളി കൊട്ട് @61

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കലോത്സവ വരവ് അറിയിച്ചുകൊണ്ട് കേളി കൊട്ട് @61 എന്ന പേരിൽ നാളെ (ഡിസംബർ 23 ന്) വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന ഫ്ലാഷ് മോബ്, കലാപരിപാടികൾ, രചനാമത്സരങ്ങൾ, ഘോഷയാത്ര തുടങ്ങിയവയുടെ ചിത്രം/ വീഡിയോ എന്നിവ 9447797434, 9846342241, 9446150541 എന്നീ നമ്പറുകളിൽ അയക്കണമെന്ന് കലോത്സവത്തിന്റെ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ സച്ചിൻ ദേവ് എം എൽ എ അറിയിച്ചു.

സംസ്ഥാന സ്കൂൾകലോത്സവം: വിശിഷ്ട അതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കും

ജനുവരി 3 മുതൽ കോഴിക്കോട് നടക്കുന്ന കൗമാര കലയുടെ ഉത്സവത്തിൽ പങ്കു ചേരാൻ മലയാളത്തിന്റെ സാഹിത്യ നഗരത്തിലെത്തുന്ന വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കും.

61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന – സമാപന സമ്മേളന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്ട അതിഥികൾക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരൻമാർ കയ്യൊപ്പിട്ട് നൽകുന്ന പുസ്തകങ്ങൾ ഉപഹാരമായി നൽകി സ്വീകരിക്കണമെന്ന് സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ സ്വീകരണ കമ്മറ്റി യോഗം തീരുമാനിച്ചു.

എഴുത്തുകാരുടെ വീടുകളിൽ എത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങൾ ഏറ്റുവാങ്ങും. ആദ്യ പുസ്തകം എം.ടി വാസുദേവൻ നായരുടെ വസതിയിൽ ഡിസംബർ 23 ന് രാവിലെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഏറ്റ് വാങ്ങും.

സ്വീകരണ കമ്മറ്റി യോഗത്തിൽ ചെയർമാൻ ഇ.കെ. വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ. നാസർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.ഗവാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് മണിയൂർ,ഹയർസെക്കൻഡറി റീജിണൽ ഡയറക്ടർ ഡോ. അനിൽ പി എം, കെ.കെ. ബാലൻ, ഒ കെ ജയകൃഷ്ണൻ ,സി. ബിജു, എം.വിനോദ്, കെ.വി ആനന്ദൻ , കെ.പ്രദീപ്, ബൈജു മേരിക്കുന്ന്, വി.എം അജിത , കെ.സുധിന , ഡോ.വിദ്യ ജി , ബി.ബി ബിനീഷ്, പി ആദർശ് എന്നിവർ പ്രസംഗിച്ചു. സ്വീകരണ കമ്മറ്റി കൺവീനർ ടി. ഭാരതി സ്വാഗതം പറഞ്ഞു.