‘ഭര്‍ത്താവും കൂട്ടുകാരും വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പയ്യോളി പൊലീസ് ശ്രമിക്കുന്നു’; ആരോപണവുമായി മണിയൂര്‍ സ്വദേശി


വടകര: പയ്യോളി ഇരിങ്ങല്‍ തെക്കെ മഞ്ഞവയലില്‍ പ്രജിനയെ ഭര്‍ത്താവ് ഷൈജേഷിന്റെ സഹായത്തോടെ ഏഴോളം പേര്‍ വീട്ടില്‍ക്കയറി മര്‍ദിച്ച കേസില്‍ കുറ്റക്കാര്‍ക്കെതിരെ പയ്യോളി പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. വധശ്രമം പെറ്റിക്കേസ് ആക്കി ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് യുവതി പറയുന്നത്. വടകരയില്‍ വാര്‍ത്താസമ്മേളനത്തിലാണ് പയ്യോളി പൊലീസിനെതിരെ യുവതി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ആശുപത്രി രേഖകളില്‍ കമ്പി ഉപയോഗിച്ച് മര്‍ദിച്ചതായി ഉണ്ടെങ്കിലും ഇന്‍സ്‌പെക്ടര്‍ സമ്മര്‍ദം ചെലുത്തി അത്തരം കാര്യങ്ങള്‍ മൊഴിയില്‍ നിന്ന് ഒഴിവാക്കിയതായി യുവതി പറഞ്ഞു. പയ്യോളി പോലീസ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെയാണ് ആരോപണം.

കഴിഞ്ഞ ആറിനാണ് ജനതാ പയ്യോളി സ്റ്റോര്‍ നടത്തുന്ന സ്വപ്ന എന്ന സ്ത്രീയും മറ്റ് ആറുപേരും ഭര്‍ത്താവിന്റെ സഹായത്തോടെ വീട്ടില്‍ക്കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചതെന്ന് യുവതി പറയുന്നു. ഇരുമ്പുകമ്പികൊണ്ട് തലയ്ക്കും കൈയ്ക്കും കഴുത്തിനുമാണ് മര്‍ദിച്ചത്. പരിക്കേറ്റ പ്രജിന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.

പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത നടപടിക്കെതിരെ വനിതാ കമ്മിഷനും വടകര റൂറല്‍ എസ്.പി.ക്കും യുവതി പരാതി നല്‍കി. നടപടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കാനാണ് തീരുമാനം. അതേസമയം, പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി പയ്യോളി പോലീസ് അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പ്രജിനയ്‌ക്കൊപ്പം മഹിളാ അസോസിയേഷന്‍ വടകര ഏരിയാ സെക്രട്ടറിയും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.എം ലീന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയുമായ കെ.വി റീന, തുടങ്ങിയവര്‍ പങ്കെടുത്തു.

പത്രസമ്മേളനത്തില്‍ മഹിളാ അസോസിയേഷന്‍ പയ്യോളി ഏരിയാ സെക്രട്ടറി പി.എം. ലീന, കെ.പി. റീന, ശ്രീജ പുല്ലരൂര്‍, ടി. ഗീത, പ്രജിന എന്നിവര്‍ പങ്കെടുത്തു.