ഭര്‍ത്താവിന്റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍: യുവതി അറസ്റ്റില്‍


തൃശൂര്‍: ഭര്‍ത്താവിന്റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി.പി പ്രമോദിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ നയന (30) ആണ് അറസ്റ്റിലായത്.

ഫോണിലൂടെ ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് ആക്രമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രമോദിനെ കഞ്ചാവ് കേസില്‍ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചശേഷം കുറ്റം ഭര്‍ത്താവിനുമേല്‍ ആരോപിക്കാനുമായിരുന്നു നയനയുടെ പദ്ധതി.

ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ക്വട്ടേഷന്‍ സംഘങ്ങളുമായി സംസാരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

നയനയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൂട്ടുപ്രതികളെ ഉടന്‍ പിടികൂടുമെന്ന് നെടുപുഴ എസ്.ഐ കെ.സി ബൈജു അറിയിച്ചു.