ബ്രാഞ്ച് സെക്രട്ടറിമാരായി 21കാരിയും 94കാരനും; പാര്‍ട്ടിക്ക് ആവേശമായി ജസീമയും നാരായണപിള്ളയും


ചാത്തന്നൂര്‍/ മാന്നാര്‍: സി.പി.എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ബ്രഞ്ച് സമ്മേളനങ്ങള്‍ സംസ്ഥാനത്തുടനീളം പുരോഗമിക്കുകയാണ്. പുതുതായി തിരഞ്ഞുടക്കപ്പെട്ട ബ്രാഞ്ച് സെക്രട്ടറിമാരില്‍ കൊല്ലത്തെ ചാത്തന്നൂര്‍ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയും ആലപ്പുഴ മാന്നാര്‍ എണ്ണയ്ക്കാട് തെക്ക് ബ്രാഞ്ച് സെക്രട്ടറിയും വാര്‍ത്താ പ്രധാന്യം നേടുകയാണ്. ആദ്യത്തേത് ഒരു 21 കാരി പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാമത്തേത് 94 കാരനായ മുതിര്‍ന്ന സഖാവും.

ഇരുപത്തിയൊന്നുകാരി സി.പി.എം. ബ്രാഞ്ച് സെക്രട്ടറി

ബാലസംഘത്തിലൂടെ സംഘടനാപ്രവര്‍ത്തന രംഗത്തേക്കു വന്ന ജസീമയാണ് നിലവില്‍ സി.പി.എമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി.

ചാത്തന്നൂര്‍ ഏരിയ കമ്മിറ്റിയിലെ ചാത്തന്നൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ വയലിക്കട ബ്രാഞ്ച് സെക്രട്ടറിയായാണ് സമ്മേളനം ജസീമ ദസ്തക്കീറിനെ തിരഞ്ഞെടുത്തത്.

സി.പി.എം. പാര്‍ലമെന്ററിരംഗത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ മേയര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്നീ പരീക്ഷണങ്ങള്‍ക്കുശേഷം സംഘടനാരംഗത്തേക്ക് പ്രായംകുറഞ്ഞ വനിതാ ബ്രാഞ്ച് സെക്രട്ടറിയെയും തിരഞ്ഞെടുത്തിരിക്കുകയാണ്. എസ്.എഫ്.ഐ. പ്രവര്‍ത്തകയായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിരവധി സമരങ്ങളില്‍ പങ്കെടുത്തു. ഇപ്പോള്‍ എസ്.എഫ്.ഐ. ചാത്തന്നൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറിയും മാതൃകം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്നു. അച്ഛന്‍ ദസ്തക്കീര്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമാണ്.

സെക്രട്ടറിയായി 94-കാരന്‍തന്നെ മതിയെന്ന് സി.പി.എം.

വയസ്സ് 94 ആയാലെന്ത്, സി.പി.എമ്മിന്റെ എണ്ണയ്ക്കാട് തെക്ക് എ ബ്രാഞ്ചിനെ നയിക്കാന്‍ എണ്ണയ്ക്കാട് നന്ദാേശ്ശരില്‍ നാരായണപിള്ള തന്നെ വേണം. ഇത്തവണത്തെ ബ്രാഞ്ച് സമ്മേളനത്തിലും അതിനു മാറ്റമുണ്ടായില്ല. സി.പി.എമ്മിലെ ഏറ്റവും മുതിര്‍ന്ന ബ്രാഞ്ച് സെക്രട്ടറി എന്ന പദവിയിലാണിപ്പോള്‍ അദ്ദേഹം.

നാട്ടില്‍ നന്ദാശ്ശേരി എന്ന പേരിലാണു നാരായണപിള്ള അറിയപ്പെടുന്നത്. തവണവ്യവസ്ഥയില്‍ ഇളവുനല്‍കിയാണ് പാര്‍ട്ടി ഇത്തവണയും ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബ്രാഞ്ച് സെക്രട്ടറി എന്ന പദവിവഹിച്ച ബഹുമതിയും ഇദ്ദേഹത്തിനുണ്ട്.

1983 മുതല്‍ 2005 വരെയും 2010 മുതല്‍ തുടര്‍ന്നിങ്ങോട്ടും ബ്രാഞ്ച് സെക്രട്ടറിയാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്ത് മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിച്ച നാരായണപിള്ള കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടാണു രാഷ്ട്രീയത്തിലേക്കു വരുന്നത്. പ്രഥമ നിയമസഭാ സ്പീക്കറായിരുന്ന ശങ്കരനാരായണന്‍ തമ്പി, സഹോദരന്‍ രാജശേഖരന്‍ തമ്പി എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

32 വര്‍ഷം ബുധനൂര്‍ പഞ്ചായത്ത് ഓഫീസില്‍ ക്ലാര്‍ക്കായിരുന്നു. ജോലിയില്‍നിന്നു വിരമിച്ചതിനു പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറിയായത്. 1986 മുതല്‍ 96 വരെ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു.